ഇന്ന് ശ്രീകൃഷ്ണ ജയന്തി; ശോഭായാത്രകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, സാംസ്‌കാരിക പരിപാടികള്‍ വെര്‍ച്യുല്‍ സംവിധാനം വഴി കാണാന്‍ സൗകര്യം


തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയിൽ ഭാഗമാകുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും.

ആറു മണിക്കു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വെർച്യുൽ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും മത-സാംസ്കാരിക നേതാക്കളും സാംസ്കാരിക സമ്മേളത്തിൽ പങ്കെടുക്കും.

ആറന്മുളയിൽ അഷ്ടമി രോഹിണി സദ്യ

ആറന്മുളയിൽ ഇന്ന് അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേർക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്.പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും. മാരാമൺ, കോഴഞ്ചേരി, കീഴ് വന്മഴി പള്ളിയോടങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്