ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
കോഴിക്കോട്: വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. അതിനാല്‍ തന്നെ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.
കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.
ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കള്‍ തന്നെയാണ് എഴുത്തിനിരുത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. അതുവഴി 3500 നും 4000നും ഇടയില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികാരികള്‍ അറിയിച്ചത്.
പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തിലും വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനപൂജ, വിജയ ദശമി പൂജ, ഗ്രന്ഥമെടുപ്പ്, സരസ്വതി പൂജ തുടങ്ങിയവയാണ് ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്നത്. ഓരോ കുട്ടികള്‍ക്കും പ്രത്യേകമായി അനുവദിച്ച കിറ്റുകള്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ തന്നെയാണ് ഹരിശ്രീ കുറിക്കുന്നത്. കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും സരസ്വതിപൂജ, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹനപൂജ എന്നിവയാണ് ഉള്ളത് കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ വാഹനപൂജ കൂടാതെ നവഗ്രഹപൂജ, ഗ്രന്ഥം എടുപ്പ്, സഹസ്രനാമ പുഷ്പാഞ്ജലി(സര്‍വ്വശ്യരപൂജ ) എന്നിവയും ഉണ്ട്. വാഹന പൂജയ്ക്കായി ഓരോ ക്ഷേത്രത്തിന്റെ മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാല്‍ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല. പകരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എം.ടി. വാസുദേവന്‍ നായരുടെ ഡിജിറ്റര്‍ ഓപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തല്‍ ഇല്ല.