ഇന്ന് മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം; നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ലാഹചര്യത്തിലാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ് പരിശോധനയും ശക്തമാക്കും. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും.
*അത്യാവശ്യമില്ലാത്ത യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.
*ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, വാക്സിനേഷന്‍ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ തടസമുണ്ടാകില്ല.
*അവശ്യസേവന വിഭാഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം.
*മരുന്ന്, പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. പക്ഷേ തൊട്ടടുത്തുള്ള കടകളില്‍ പോകാന്‍ മാത്രമേ അനുമതിയുള്ളു.
*വര്‍ക്ക് ഷോപ്പ്, വാഹന സര്‍വീസ് സെന്റര്‍, സ്പെയര്‍ പാര്‍ട്സ് വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. ഇവിടെയെല്ലാം ജീവനക്കാര്‍ ഇരട്ട മാസ്‌ക്കും കയ്യുറകളും ധരിക്കണം.
*റേഷന്‍ കടകളും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഔട്ട് ലൈറ്റുകളും തുറക്കും.
*ഹോട്ടലുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കിലും ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും.
*കള്ളുഷാപ്പുകള്‍ക്ക് മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
*ബാങ്കുകള്‍ രാവിലെ 10 മുതല്‍ 1 മണി വരെ പൊതുജനങ്ങളുടെ സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കും.
*വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം.
*ആരാധനാലയങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ സ്ഥലസൗകര്യമുള്ള ഇടമാണെങ്കില്‍ മാത്രം 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും.
*എല്ലാതരത്തിലുമുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങളും നിര്‍ത്തി വയ്ക്കണം.
*ഐടി മേഖലയില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം ഓഫീസിലെത്തണമെന്നും പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം.
*നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ രാവിലെ മുതല്‍ തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന ആരംഭിക്കും.