ഇന്ന് ദേശീയ കായിക ദിനം; ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ഓര്‍മകളില്‍ രാജ്യം
ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്കിൽ ഒളിപ്പിച്ച മായാജാലത്താൽ ഇന്ത്യയുടെ യശസുയർത്തിയ ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനോടുള്ള ബഹുമാനാർഥമാണ് എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായികദിനമായി ആചരിച്ചുവരുന്നത്.
ഇന്ത്യൻ രാഷ്ട്രപതി കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പരിശീലകർക്കുളള ദ്രോണാചാര്യ പുരസ്കാരം എന്നിവ ഈ ദിവസം സമ്മനിക്കും. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ദില്ലിയിലെ ദേശീയ സ്റ്റേഡിയത്തെ 2002 ൽ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. അദ്ദേഹം പഠിച്ചിരുന്ന അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ ഒരു ഹോസ്റ്റലിന് അദ്ദേഹത്തിൻ്റെ പേര് നൽകുകയുണ്ടായി. ധ്യാൻ ചന്ദിന്റെ സ്മരണയ്ക്കായി അനുസ്മരണ തപാൽ സ്റ്റാമ്പും ഒന്നാം ദിന കവറും കേന്ദ്രസർക്കാർ പുറത്തിറക്കി.
രാജ്യത്ത് ഇത്തവണത്തെ കായിക ദിനം അഭിമാനകരം. കൊവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം കായിക മൈതാനങ്ങൾ പതിയെ ഉണർന്ന് വരുന്നതിനിടയിലും ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തവണത്തെ കായിക ദിനം രാജ്യം ആചരിക്കുന്നത്.
ഇന്ത്യ ചരിത്ര നേട്ടം കരസ്ഥമാക്കിയ ടോക്യോ ഒളിമ്പിക്സ് അവസാനിച്ച ദിവസങ്ങൾക്കുള്ളിൽ വരുന്ന ദേശീയ കായിക ദിനം. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിൽ നേടിയത്.
ഹോക്കി സ്റ്റിക്കിനുള്ളിൽ മായാജാലം ഒളിപ്പിച്ചുവച്ച ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്നതെന്നിരിക്കെ, 41 വർഷത്തിന് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് ഹോക്കിയിൽ ഒരു മെഡൽ നേടിയതും ഇത്തവണത്തെ ദേശീയ കായിക ദിനത്തിന് ധന്യത കൂട്ടുന്നു. ഇതാദ്യമായി ഒളിമ്പിക്സ് ഹോക്കിയുടെ സെമി ഫൈനലിലെത്തി വനിതാ ഹോക്കി ടീമും രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തി.
ഇപ്പോൾ ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്‌സിലും ഇന്ത്യൻ തരണത്തണ് മികച്ച പ്രകടനമാണ് നടത്തുന്നത്.
കായിക രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മികച്ച പരിശീലനം നൽകാൻ കഴിഞ്ഞാൽ ആത്മ സമർപ്പണം കൊണ്ട് ഏത് പ്രതിസന്ധിയെയും മറികടക്കുന്ന നമ്മുടെ കായിക താരങ്ങളും ലോക നിലവാരത്തിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കുമെന്ന് തെളിയിച്ച ഒളിമ്പിക്സ് ആയിരുന്നു ഇത്തവണ ടോക്യോയിൽ കടന്ന് പോയത്.