ഇന്ന് ദുര്‍ഗാഷ്ടമി; സർവവിദ്യാധിദേവതയായ സരസ്വതിക്കുമുന്നിൽ ആയുധങ്ങൾ ഇന്ന് പൂജയ്ക്ക് സമര്‍പ്പിക്കും


പേരാമ്പ്ര: ഇന്ന് ദുർഗാഷ്ടമി. സർവവിദ്യാധിദേവതയായ സരസ്വതിക്കുമുന്നിൽ ആയുധങ്ങൾ പൂജയ്ക്കു സമർപ്പിക്കുന്ന നാൾ. പുസ്തകങ്ങൾ, കലാപ്രകടനത്തിനുള്ള ഉപകരണങ്ങൾ എല്ലാം പൂജയ്ക്കുവെക്കും. അസ്തമയാനന്തരം അഷ്ടമിതിഥി സന്ധ്യയ്ക്കു വരുന്ന നാളാണ് പൂജവെപ്പിന് തിരഞ്ഞെടുക്കുന്നത്. ആയുധപൂജയെന്നാണ് പണ്ടുമുതൽക്കേ ഇത് അറിയപ്പെടുന്നത്.

തിന്മയ്ക്കുനേൽ നന്മ വിജയം നേടുന്നതിന്റെ ആഘോഷമായാണ് ഉത്തരേന്ത്യയിൽ നവരാത്രികാലം ആഘോഷിക്കുന്നത്. കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ സരസ്വതീപൂജ നടത്താറുണ്ട്.

ദുർഗാഷ്ടമി നാളിൽ വൈകീട്ട് പീഠത്തിൽ ഗ്രന്ഥങ്ങൾ വെച്ച് സരസ്വതീദേവിയുടെ പഞ്ചലോഹവിഗ്രഹമോ ചിത്രമോ വെച്ച് വിളക്കുകത്തിച്ചാണ് ഗ്രന്ഥപൂജ. സരസ്വതീസാന്നിധ്യം ആവാഹിക്കുകയാണ് ചെയ്യുന്നത്. പിറ്റേന്ന് മഹാനവമി നാളിൽ ത്രികാലപൂജയുണ്ട്. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ. അപ്പം, പലതരം പഴങ്ങൾ എന്നിവയൊക്കെ നിവേദിക്കും. മൂന്നാംനാൾ വിജയദശമിക്ക് വിദ്യാരംഭം കഴിഞ്ഞശേഷം പ്രാർഥിച്ചാണ് പൂജയ്ക്കുവെച്ച പുസ്തകങ്ങൾ പുറത്തെടുക്കാറ്‌