ഇന്ന് അറിയാം ആ ഭാഗ്യശാലിയെ; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഭാഗ്യക്കുറിക്ക് മികച്ച വില്‍പ്പന


തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുക്കുക.

12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. ആരാകും 12 കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കരയിപ്പോള്‍. കഴിഞ്ഞ വർഷം ഇടുക്കി സ്വദേശിയായ അനന്തു എന്ന ഇരുപത്തിനാല് കാരനെ ആയിരുന്നു ഭാ​ഗ്യം തുണച്ചത്.

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. ഓണം ബമ്പറിന്റെ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും. ജൂലൈ 22നായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ടിക്കറ്റ് പ്രകാശനം ചെയ്തത്.