ഇന്ധനക്കൊള്ള തുടരുന്നു: പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി; കോഴിക്കോട് പെട്രോള്‍ വില 110 കടന്നു
കോഴിക്കോട്: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 കടന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്.
തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയര്‍ത്തുന്നത്.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.