ഇന്ത്യയില്‍ 25 വയസു മുതല്‍ പ്രമേഹ പരിശോധന നടത്തണമെന്നു വിദഗ്ധ സമിതി; കാരണം അറിയാം


ന്ത്യയിൽ ഇനി പ്രമേഹ രോഗ പരിശോധന നടത്തേണ്ടത് 25 വയസ്സു മുതലെന്നു വിദഗ്‌ധ സമിതി. ഇപ്പോൾ കേന്ദ്ര സർക്കാർ നിർദേശം 30 വയസ്സു മുതൽ പ്രായമുള്ളവർക്ക് പ്രമേഹമുണ്ടോ എന്നറിയുവാനുള്ള പരിശോധന നടത്തണമെന്നാണ്. കോവിഡാനന്തര ഭാരതത്തിൽ ചെറുപ്പക്കാരിലും അപ്രതീക്ഷിതമായാണ് രോഗലക്ഷണമൊന്നുമില്ലാതെതന്നെ പ്രമേഹം വർധിച്ചിരിക്കുന്നത്.

ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പത്മശ്രീ. ഡോ. അനൂപ് മിശ്ര (ഡൽഹി), ഡോ. ആർ. രാമചന്ദ്രൻ (ചെന്നൈ), ഡോ. ജ്യോതിദേവ് കേശവദേവ് (തിരുവനന്തപുരം), ഡോ. എ. കെ. ദാസ് (പുതുച്ചേരി), ഡോ. ബൻഷി സാബു (അഹമ്മദാബാദ്), ഡോ. ശശാങ്ക് ജോഷി (മുംബൈ), ഡോ. അരവിന്ദ് സോസാലെ (ബംഗളുരു) എന്നിവരടങ്ങുന്ന ‘ഡയബറ്റിസ് ഇന്ത്യ’ വിദഗ്‌ധ സംഘം ‘ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം’ എന്ന Elsevier ജേണലിൽ നിർദേശിച്ചിരിക്കുന്നത്.

പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസ്സിനു താഴെ പ്രായമുള്ള ചെറുപ്പക്കാരിൽ 77.6 % പേർക്കും അമിതവണ്ണം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് 30 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരിൽ പ്രമേഹ രോഗം ക്രമാതീതമായി വർധിച്ചു വരുന്നതായാണ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനത്തിൽ തെളിഞ്ഞത്. ശരീരം മെലിഞ്ഞിരുന്നാലും കുടവയറുണ്ടെങ്കിൽ, അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും പ്രമേഹമുള്ളവർ, ഈ കൂട്ടരെല്ലാം വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹമുണ്ടോ എന്നു പരിശോധിച്ചിരിക്കണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ടു മടങ്ങ് കൂടുതലാണ് എന്നത് മുൻപ് നടന്ന പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. 30 വയസ്സിനു താഴെ പ്രമേഹം വരുന്നവരുടെ എണ്ണത്തിലും കേരളം മുൻപിലാണ്. നന്നേ ചെറുപ്പത്തിലെ കൊഴുപ്പും മധുരവും ഉപ്പും താരതമ്യേന കുറഞ്ഞ ഭക്ഷണ രീതി സ്വീകരിക്കുകയും പ്രായത്തിനനുയോജ്യമായ വ്യായാമ ശീലങ്ങൾ പരിശീലിക്കേണ്ടതിന്റെയും ആവശ്യകതയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നവംബർ മാസം ലോക പ്രമേഹമാസമായി ആചരിക്കപ്പെടുന്ന വേളയിൽ (നവംബർ 14, ലോക പ്രമേഹ ദിനം) “ഈ കണ്ടെത്തലുകളുടെ പ്രാധാന്യം വളരെ വലുതാണ്. പ്രമേഹം അനിയന്ത്രിതമായി 8 വർഷത്തിലധികം നിലനിൽക്കുമ്പോഴാണ് വൃക്ക, ഹൃദയം, നാഡീവ്യൂഹം തുടങ്ങി നിരവധി അവയവങ്ങളിൽ ഗുരുതര രോഗങ്ങൾ വന്നെത്തുന്നതാണ്. 50 മുതൽ 90 % പ്രമേഹ രോഗികളിലും ഇങ്ങനെ സംഭവിക്കുകയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. അതിശക്തമായ പ്രതിരോധ നടപടികളാണ് ഈ കാരണത്താൽ ഗവൺമെന്റും സർക്കാരും സ്വീകരിക്കേണ്ടത്”- ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.