ഇന്ത്യന്‍ വാക്സീനെടുത്തവര്‍ക്ക് വിലക്കോ? സ്പുട്നിക്കും രക്ഷയില്ല, നോക്കാം വിശദമായി


ലിയ പ്രതീക്ഷയോടെ എത്തിയോടെ എത്തിയതാണ് കോവാക്സീന്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിശ്വാസ്യത ഊട്ടിയുറപ്പിക്കുയും ചെയ്തു. എന്നാല്‍ ഈ വാക്സീനെടുത്തവര്‍ക്ക് വിദേശത്തെ പല രാജ്യങ്ങളിലും പ്രവേശനാനുമതി ലഭിക്കാത്തത് ഇതുവരെ പരിഹരിക്കാനായിട്ടില്ല. കോവിഷീല്‍ഡും ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞു. ലോകാരോഗ്യസംഘടനയുടെ അടക്കം അനുമതി നേടാനാകാത്തതാണ് കോവാക്സീന് വലിയ തിരിച്ചടിയായി തുടരുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് മിക്ക രാജ്യങ്ങളും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

തിരിച്ചടിയുടെ തുടക്കം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ ആരംഭിച്ച ‍ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് പദ്ധതിയായ ഗ്രീന്‍ പാസാണ് ഇന്ത്യക്കാര്‍ക്ക് വെല്ലുവിളിയായത്. അതുപ്രകാരം യൂറോപ്യന്‍ യൂണിയന്‍റെ റഗുലേറ്ററി അതോറിറ്റി അംഗീകരിച്ച വാക്സീനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ആ രാജ്യങ്ങളില്‍ പ്രവേശനം. ഫൈസര്‍, മൊഡേണ, അസ്ട്രാസെനക, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ നാലു വാക്സീനുകളാണ് ആ പട്ടികയിലുള്ളത്. ഒാക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സീനാണ് അസ്ട്രാസെനകയും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും വ്യത്യസ്ത പേരുകളില്‍ നിര്‍മിക്കുന്നത്. ഇതില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡിന് മാത്രം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അനുമതി നല്‍കിയിട്ടില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഒരേ ഫോര്‍മുലയില്‍ നിര്‍മിക്കുന്ന വാക്സീനുകളില്‍ ഒരെണ്ണത്തിന് മാത്രം അനുമതി നിഷേധിക്കുന്നതില്‍ യുക്തിയില്ല എന്ന വിമര്‍ശനം ശക്തമാണ്. ഗ്രീന്‍ പാസ് യാത്രക്കാര്‍ക്കുള്ള മുന്‍ വ്യവസ്ഥയല്ല. എന്നാല്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ സഞ്ചാരം സുഗമമാക്കുനുള്ളതാണെന്ന വിശദീകരണമുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല.

കോവിഷീല്‍ഡ് അംഗീകരിച്ചവര്‍

യൂറോപ്യന്‍ യൂണിയനിലെ 27ല്‍ 15 രാജ്യങ്ങള്‍ നിലവില്‍ കോവിഷീല്‍ഡെടുത്തവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്ക് പൊതുവായി ഒരൊറ്റ റഗുലേറ്ററി അതോറിറ്റിയാണ്. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. എന്നാല്‍ ‌EMA അംഗീകാരമില്ലെങ്കിലും വാക്സീനുകളുടെ കാര്യത്തില്‍ രാജ്യങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാം. ഇത്തരത്തില്‍ സ്വന്തമായി തീരുമാനെടുത്തതാണ് കോവിഷീല്‍ഡ് അംഗീകരിച്ച യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷയില്‍ അടുത്തമാസത്തോടെ EMA അംഗീകാരം ലഭിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റഷ്യന്‍ വാക്സീനായ സ്പുട്നിക്കിനും ലോകാരോഗ്യ സംഘടനയുടേയും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടേയും അനുമതി ലഭിച്ചിട്ടില്ല.

കോവാക്സീന്‍റെ കടമ്പകള്‍

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തന്നെയാണ് അനിവാര്യം. WHO അംഗീകരിക്കാത്തതുകൊണ്ടുതന്നെ കുറേ രാജ്യങ്ങള്‍ കോവാക്സീന്‍ എടുത്തവരെ വാക്സീന്‍ സ്വീകരിച്ചവരായി കണക്കുകൂട്ടുന്നില്ല. വീണ്ടും വാക്സീന്‍ സ്വീകരിക്കാനും സാധിക്കില്ല. അംഗീകാരത്തിനായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കും കേന്ദ്രസര്‍ക്കാരും നടപടികള്‍ ആരംഭിച്ചെങ്കിലും ഇതുവരെ എങ്ങുമെത്തിയില്ല. കോവിഷീല്‍ഡ് കുറച്ച് യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും അംഗീകരിച്ചത് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നായിരുന്നു. ഇന്ത്യന്‍ വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ഇന്ത്യയിലും ക്വാറന്‍റീന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകാരോഗ്യസംഘടനയുടെ അംഗീകാരമില്ലാത്തതുകൊണ്ടുതന്നെ കോവാക്സീന്‍റെ കാര്യത്തില്‍ ഇത് പ്രാവര്‍ത്തികമായില്ല. കൂടുതല്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്ന് ചുരുക്കം. ഏതെങ്കിലും രാജ്യങ്ങള്‍ അംഗീകരിച്ച വാക്സീന്‍ ആയാല്‍ മതി, അത് സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ വാക്സീന്‍ പ്രശ്നം ഒഴിവാക്കിയാലും നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല. എന്നാല്‍, അത് മാറുന്ന മുറയ്ക്ക് വാക്സീന്‍ ഒരു പ്രതിസന്ധിയായി അവശേഷിക്കാതിരിക്കാനുള്ള പ്രതീക്ഷ നയതന്ത്ര ഇടപെടല്‍ മാത്രമാണ്.