ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 74 വര്‍ഷം; പക്ഷേ പറയുന്നത് 75-ാം സ്വാതന്ത്ര്യ ദിനമെന്ന്; എന്തുകൊണ്ട് ? നോക്കാം വിശദമായി
രാജ്യം ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 74 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 74-ാം സ്വാതന്ത്ര്യ ദിനമാണോ 75-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന് ഒരു ആശയക്കുഴപ്പം വരാം…എന്തുകൊണ്ടാണ് ഇത് ?
1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്യത്തിന്റെ 70-ാം വർഷമാണ്. 2021 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 74-ാം വർഷമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 75-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്.
മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനം ആത്മാഭിമാനത്തിന്റെ നിമിഷമാണ്.
പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു. 1885ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു. ഇതിന് പിന്നാലെ 1947ൽ ഓഗസ്റ്റ് 15 അർധരാത്രി ഇന്ത്യ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.
വെള്ളക്കാരന്റെ അധിനിവേശത്തിനെതിരെ ചോരചിന്തി പോരാടിയത് ആയിരങ്ങളാണ്… ഭഗത് സിംഗ്, സരോജിനി നോയിഡു, സുഭാഷ് ചന്ദ്രബോസ്, ഝാൻസി റാണി, അക്കാമ്മ ചെറിയാൻ, എ.നാരായണപിള്ള, മഹാത്മ അയ്യങ്കാളി, കേരള ഝാൻസി റാണിയെന്ന ആനി മസ്‌ക്രീൻ, പട്ടം താണുപിള്ള ,സി.കേശവൻ,ടി.എം.വർഗീസ് തുടങ്ങിയവർക്ക് പുറമെ സ്വാതന്ത്ര്യ പോരാട്ടത്തിൽ അണിനിരന്ന പേരോ, മുഖമോ ഇല്ലാത്തവർ, സ്വാതന്ത്ര്യ സമരഭൂവിലെ സാധാരണക്കാർ, രക്തസാക്ഷികൾ…സ്വതന്ത്ര്യ ഇന്ത്യയിൽ കാലുറപ്പിച്ച് നിൽക്കുമ്പോൾ ഇവരെ ഓർക്കാതെ ഈ ദിനം കടന്നുപോകരുത്…