ഇനി സൈറ്റുകള്‍ തിരയേണ്ട! എല്ലാ വകുപ്പുകളുടെ സേവനങ്ങളും ഒരൊറ്റ പോര്‍ട്ടല്‍ വഴി; കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന വിതരണ സംവിധാനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരു പോര്‍ട്ടലിലൂടെ ലഭ്യമാക്കുന്ന ഇ- സേവനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് ഓണ്‍ലൈനായാണ് ഉദ്ഘാടനം.

www.services.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി വിവിധ വകുപ്പുകള്‍ വഴി ലഭ്യമാക്കുന്ന സേവനങ്ങള്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങള്‍ ഇ. സേവനം മുഖേന ഉറപ്പാക്കും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചയാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങളും നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷയുംപെന്‍ഷനേഴ്സും, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒമ്പതായി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ലഭ്യമാണ്. വെബ്പോര്‍ട്ടല്‍ കൂടാതെ മേല്‍ പറഞ്ഞ എല്ലാ സേവനങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എം-സേവനം മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ഇത് ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നീ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.

വിവിധ വകുപ്പുകളുടെ 450-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
‘ഇ-സേവനം’ പോര്‍ട്ടലിനോടൊപ്പം കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആയ www.kerala.gov.in ഉം നവീകരിച്ച് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ഓണ്‍ലൈന്‍സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന സര്‍വീസ് ഡാഷ്ബോര്‍ഡ്(dashboard.kerala.gov.in) വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പുറപ്പെടുവിയ്ക്കുന്ന, സര്‍ക്കുലറുകള്‍, ഓര്‍ഡറുകള്‍ അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍ ടെന്‍ഡറുകള്‍ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോര്‍ട്ടലും കേരള സ്റ്റേറ്റ് പോര്‍ട്ടലിന്റെ ഭാഗമായി വികസിപ്പിച്ചട്ടുണ്ട്.

ഐടി വകുപ്പിന് കീഴില്‍ സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ ആണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രസ്തുത പദ്ധതി ആരംഭിച്ചു പുരോഗമിച്ചത്.

സി ഡിറ്റിന്റെ നേതൃത്വത്തില്‍ ആണ് പ്രസ്തുത സേവന പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്തത്. സംസ്ഥാന എന്‍.ഐ.സി യുടെ നേതൃത്വത്തില്‍ ആണ് വിവിധ സേവനങ്ങള്‍ ഉള്‍പ്പെടുത്തി എം-സേവനം മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപ കല്‍പ്പന ചെയ്തത്. വിവിധ വകുപ്പുകളുടെ സമയോചിതമായ സഹകരണം മൂലമാണ് ഈ ഓണ്‍ലൈന്‍ സര്‍വീസ് ഡെലിവറി സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.