ഇനി മുതല്‍ ജാതി, മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും: വിശദാംശങ്ങള്‍ അറിയാം


തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയുണ്ടെങ്കില്‍ ഇനി മുതല്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് രേഖയായി സ്വീകരിക്കുന്ന സാഹചര്യങ്ങള്‍:

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ ഓണ്‍ലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അപേക്ഷകന്‍ സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണം.

അപേക്ഷകന്റെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലോ വിദ്യാഭ്യാസ രേഖയിലോ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എല്‍.സി. ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കും.