ഇനി പഞ്ചവടിപ്പാലമില്ല, ‘ഉറപ്പുള്ള’ പാലാരിവട്ടം പാലം മാത്രം


കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പാലാരിവട്ടം പാലത്തിലൂടെ രണ്ടരവർഷമായി നിലച്ച ഗതാഗതം ഇതോടെ ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌‌ പുനരാരംഭിക്കും. പുനർനിർമാണം മെയ്‌ മാസം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടതെങ്കിലും രണ്ടുമാസം മുമ്പേ പൂർത്തിയാക്കി‌യാണ്‌ ജനങ്ങൾക്ക്‌ കൈമാറുന്നത്‌.

നൂറുവർഷത്തെ ഈട് ഉറപ്പുനൽകി പുനർനിർമാണം നടത്തിയ മേൽപ്പാലം വൈകിട്ട്‌ നാലിന്‌ പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയറാണ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുക്കുക.
പൂർത്തിയായ പാലം മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ഞായറാഴ്‌ച സന്ദർശിക്കും.

ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടാകില്ല. പാലത്തിന്റെ ടാറിങ് പൂർത്തിയായി. വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്‌ച പൂർത്തിയായി. ഗതാഗതത്തിന്‌ അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ്‌ വ്യാഴാഴ്‌ച ഡിഎംആർസിയിൽനിന്ന്‌ പൊതുമരാമത്തുവകുപ്പിന്‌ ലഭിച്ചു.

യുഡിഎഫ് കാലത്തെ അഴിമതിയുടെ പ്രതീകമായാണ് എൽഡിഎഫ് പൊളിച്ചുമാറ്റിയ പാലാരിവട്ടം പാലത്തെ കാണുന്നത്. വിജിലൻസ് അഴിമതി കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പു മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജയിലിൽ പോകേണ്ടി വന്നു. നിർമ്മാണത്തിലെ അഴിമതി കാരണപൊളിച്ചു മാറ്റിയ പാലം 153 ദിവസം കൊണ്ട് പുനർ നിർമ്മിക്കാനായത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന എൽഡിഎഫ് സർക്കാരിന് നേട്ടമാകും. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്ത് ചരിത്ര ദൗത്യം നിർവഹിച്ചത്.