ഇതാ ചേര്‍മല; മലയും ഗുഹയും സൂര്യാസ്തമയവും ഒപ്പം മേഘക്കൂട്ടവും, കാണാം കണ്ണിന് കുളിര്‍മയേകുന്ന പേരാമ്പ്ര ചേര്‍മലയിലെ ദൃശ്യങ്ങള്‍
പേരാമ്പ്ര പഞ്ചായത്തില്‍ ടൂറിസം പദ്ധതിക്ക് ഏറെ സാധ്യതകളുള്ള പ്രദേശമാണ് ചേര്‍മല. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയം കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. മലയുടെ മുകളിലേക്ക് പോകുന്തോറും മേഘങ്ങള്‍ക്കിടയിലേക്ക് കയറിപ്പോകുന്ന ഒരു പച്ചകടല്‍ അതാണ് ചേര്‍മല.
മലയുടെ മുകളിലെ മനോഹര ദൃശ്യങ്ങള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഒരു ഗുഹയും ചേര്‍മലയിലുണ്ട്. മലയുടെ ഏറ്റവും മുകള്‍ഭാഗത്തായി പരന്നുകിടക്കുന്ന ചെങ്കല്ലിനടിയിലായാണ് ഗുഹ കാണപ്പെടുന്നത്. നരിമഞ്ചയെന്ന പേരിലാണ് ഈ ഗുഹ അറിയപ്പെടുന്നത്. നരിമഞ്ചയുടെ പ്രവേശന ഭാഗത്തുകൂടി അകത്തേക്ക് കടന്നാല്‍ ഉള്ളില്‍ നിരവധിപേര്‍ക്ക് ഇറങ്ങിനില്‍ക്കാന്‍ സൗകര്യമുള്ള സ്ഥലമാണ്.
ഗുഹയുടെ ഉള്‍ഭാഗത്ത് മണ്ണ് മൂടി കിടക്കുന്നതിനാല്‍ നടന്നുപോകാനാവില്ല. ദ്വാരം മാത്രമാണിപ്പോഴുള്ളത്. മറ്റൊരുഭാഗത്തും ഉള്ളിലേക്ക് കടക്കാനുള്ള വഴി ദൃശ്യമാണ്. പഴയകാലത്ത് കാടുമൂടി കിടന്നിരുന്ന ഈ പ്രദേശത്ത് നരിയിറങ്ങുന്ന മേഖലയാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഗുഹയ്ക്ക് നരിമഞ്ചയെന്ന പേര് വന്നതെന്ന് കരുതുന്നു.
ചേര്‍മലപ്രദേശം പേരാമ്പ്ര മേഖലയിലെ ഉയര്‍ന്നഭാഗം കൂടിയാണ്. മുകള്‍ ഭാഗത്തെത്തിയാല്‍ ദൂരത്തെ പ്രകൃതിഭംഗി ആസ്വദിക്കാനാകും. ചേര്‍മലയെ കുറിച്ചറിഞ്ഞ് നിരവധി പേരാണ് സൂര്യാ അസ്തമയം കാണാന്‍ ഇവിടെ എത്തുന്നത്. മലയുടെ മുകളില്‍ നിന്നും നോക്കിയാല്‍ പച്ചപ്പട്ട് വിരിച്ചത് പോലെയാണ് ദൂരെയുള്ള പ്രദേശങ്ങള്‍ കാണാന്‍ കഴിയുക. പുലര്‍ച്ചെ ചേര്‍മലയില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് മേഘക്കുട്ടങ്ങളും.
ചേര്‍മലയില്‍ ടൂറിസംപദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ നേരത്തെ സാധ്യത പരിശോധന നടത്തിയിരുന്നു. ആറ് കോടിയോളം രൂപയുടെ പദ്ധതിയും അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത് പൂര്‍ണതയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇതിനൊപ്പമാണ് നരിമഞ്ചയുടെ സാധ്യതയുംകൂടി പരിശോധിക്കാന്‍ പുരാവസ്തുവകുപ്പിന് ഡി.ടി.പി.സി. അപേക്ഷ നല്‍കിയത്. നരിമഞ്ചയില്‍ പുരാവസ്തു വകുപ്പിന്‍രെ പഠനം തുടരുകയാണ്. ടൂറിസം പദ്ധതി നടപ്പായാല്‍, ചേര്‍മല വൈകാതെ വടകരയിലെ പയംകുറ്റിമലപോലെ സംസ്ഥാന ടൂറിസം ഭൂപടത്തില്‍ ഇടം നേടും.