ഇടുങ്ങിയ മുറികൾ, വെളിച്ചമില്ല: പരാതിയുമായി എത്തിയാൽ ശ്വാസംമുട്ടും, മേപ്പയൂർ പോലീസ് സ്റ്റേഷനിലെ അവസ്ഥ അതിദയനീയം


മേപ്പയ്യൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ. നിലവിൽ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം, അവിടെ ഉള്ളതാകട്ടെ പരിമിതമായ സൗകര്യങ്ങളും. ജില്ലയിൽ, നാളിതുവരെയായി സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന ചുരുക്കം ചില പോലീസ് സ്റ്റേഷനുകളിലൊന്നാണ് മേപ്പയ്യൂരിലുള്ളത്.

മേപ്പയ്യൂർ, ചെറുവണ്ണൂർ, അരിക്കുളം പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് സ്റ്റേഷന്റെ പരിധിയിലുള്ളത്. പോലീസുദ്യോഗസ്‌ഥരാണ് ഇവിടെ ജോലിനോക്കുന്നത്. അത് ഏഴ് സിവിൽ വനിതാപോലീസ് ഓഫീസർമാരും ഉൾപ്പെടും. നല്ലൊരു ശൗചാലയമില്ലാത്തതാണ് ഇവരെ വലയ്ക്കുന്ന പ്രധാന പ്രശ്നം.

എസ്.എച്ച്.ഒ, പ്രിൻസിപ്പൽ എസ്.ഐ. അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇരിക്കാൻ പ്രത്യേകം കാബിനുകളും സ്റ്റേഷനിലില്ല. ഇടുങ്ങിയതും വെളിച്ചം കുറവുള്ളതുമായ മുറികളാണ് വാടകക്കെട്ടിടത്തിലുള്ളത്.

പരാതിയുമായി സ്റ്റേഷനിലെത്തുന്നവർക്ക് ഒന്നുതിരിയാൻപോലും ഇടമില്ലാത്തതിനാൽ പലരും ഫുട്പാത്തിനടുത്തുനിന്ന് ഊഴമിട്ട് കാത്തുനിന്നാണ് സ്റ്റേഷനുള്ളിൽ കയറുന്നത്. കൂടാതെ, തൊണ്ടിമുതലുകൾ സൂക്ഷിക്കാൻ മുറിയോ പ്രത്യേക സൗകര്യങ്ങളോ ഇവിടെയില്ല.