ഇടുക്കിയില്‍ പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് പോക്‌സോ കേസില്‍ 12 വര്‍ഷം കഠിന തടവ്


ടുപുഴ: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി സ്വദേശി സോമനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി.വര്‍ഗീസ് ശിക്ഷിച്ചത്.

പോക്‌സോ നിയമ പ്രകാരം ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പ്രകൃതിവിരുദ്ധ പീഡനത്തിന് അഞ്ച് വര്‍ഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഇത് ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നുള്ളതിനാല്‍ തടവ് ഏഴ് വര്‍ഷമായി ചുരുങ്ങും.

പിഴ അടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി തടവ് അനുഭവിക്കണം. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച താല്‍ക്കാലിക കടയില്‍ സാധനം വാങ്ങാനെത്തിയ ബാലനെയാണ് പീഡിപ്പിച്ചത്. വെള്ളത്തൂവല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്.സനീഷ് ഹാജരായി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.