ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു


ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേര്‍ അപകടത്തില്‍ പെട്ടുവെന്ന സംശയത്തെ തുടര്‍ന്ന് രാത്രി തന്നെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

രാത്രി 11 മണിയോടെയാണ് ആദ്യ മൃതദേഹം കിട്ടുന്നത്. വീണ്ടും തുടര്‍ന്ന തിരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം രണ്ടാമത്തെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും ചെരിപ്പും കണ്ടെത്തിയതാണ് ഇവര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കാന്‍ കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ശനിയാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം കണ്ടത്. നെടുങ്കണ്ടം എം.ഇ.എസ്. കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ് സെബിന്‍ സജി. അനില കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയുമാണ്.