ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു


മലപ്പുറം: ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്നുമരണം. മലപ്പുറം കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം രാമപുരത്തെ കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം ആണ് മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയും തച്ചമ്പാറ പഞ്ചായത്ത് മുന്‍ അംഗവുമായ ഗണേഷ് കുമാറാണ് മരിച്ചത്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 12നും വയനാട് ഏപ്രില്‍ 13 നും യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ബുധനാഴ്ച (ഏപ്രില്‍ 14) യെല്ലോ അലര്‍ട്ടാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഏപ്രില്‍ 15 നും ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഏപ്രില്‍ 16 നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.