ഇടതു സർക്കാർ തുടരുമെന്ന് മാതൃഭൂമി സർവ്വേയും; 79 സീറ്റ് ലഭിക്കും, മുഖ്യമന്ത്രിയുടെ പ്രവർത്തനം മികച്ചത്, പെൻഷനും ഭക്ഷ്യകിറ്റും ഗുണം ചെയ്യും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സർക്കാർ 75 മുതൽ 83 വരെ സീറ്റുകൾ നേടുമെന്ന് മാതൃഭൂമി സിവോട്ടർ അഭിപ്രായ സർവേ. കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മുന്നണി ഭരണം നേടും, കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സർവേ ഫലത്തിലാണ് ഇടതുമുന്നണിയുടെ തിരിച്ചുവരവ് പ്രവചിക്കുന്നത്.
75 മുതൽ 83 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവെ ഫലം. യുഡിഎഫിന് 56- 64 സീറ്റുകൾ നേടാനാവുമെന്നും സർവേ ഫലം പറയുന്നു. എൻഡിഎ 0-2 സീറ്റുകൾ നേടുമെന്നും സർവെ പറയുന്നു. എൽഡിഎഫ് 79ഉം യുഡിഎഫ് 60ഉം ബിജെപി ഒരു സീറ്റും നേടുമെന്നാണ് സർവേ ഫല ശരാശരി.
എൽഡിഎഫിന് 40.9 ശതമാനം വോട്ടുകളും യുഡിഎഫിന് 37.9 ശതമാനം വോട്ടുകളും എൻഡിഎയ്ക്ക് 16.6 ശതമാനം വോട്ടുകളുമാണ് സർവേ പ്രവചിക്കുന്നത്. ഈ സർക്കാരിനോട് എതിർപ്പുണ്ട്, മാറണം എന്നാഗ്രഹിക്കുന്നവർ 40.5 ശതമാനം പേരാണ്. സർക്കാരിനോട് എതിർപ്പുണ്ട് എന്നാൽ സർക്കാർ മാറേണ്ടതില്ലെന്ന് 27.6 ശതമാനം പേർ അഭിപ്രായപ്പെടുന്നു. സർക്കാരിനോട് എതിർപ്പില്ല, സർക്കാർ മാറേണ്ടതില്ല എന്ന് 31.9 ശതമാനം പേർ അഭിപ്രായപ്പെടുന്നു.
പ്രതിപക്ഷത്തിന് 42.6 ശതമാനം പേർ മോശം റേറ്റിങ് നൽകിയപ്പോൾ 34.4 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 20.1 ശതമാനം പേർ ശരാശരിയെന്ന് രേഖപ്പെടുത്തി. 2.9 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തി. 38.10% പേരും മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന് 24.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി.
ബിജെപി ഈ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തുമോ എന്ന ചോദ്യത്തോട് മാതൃഭൂമി-സിവോട്ടർ അഭിപ്രായ സർവേയിൽ 56.9ശതമാനവും ബിജെപി നില മെച്ചപ്പെടുത്തില്ലെന്നാണ് പ്രതികരിച്ചത്. 31.8 ശതമാനം പേർ നില മെച്ചപ്പെടുത്തുമെന്നും 11.3 ശതമാനം പേർ പറയാൻ കഴിയില്ലെന്നും പ്രതികരിച്ചു.
കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യും എന്ന് കരുതുന്നവരാണ് 53.9 ശതമാനം. ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. സർക്കാർ വികസന മോഡലായി ഉയർത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്തോ എന്ന ചോദ്യത്തോട് 37.3 ശതമാനം പേർ ഗുണം ചെയ്യും എന്നാണ് പ്രതികരിച്ചത്. ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തിരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല എന്ന് 15.4 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. പറയാൻ കഴിയില്ല എന്ന് പ്രതികരിച്ചവരാണ് 10.2 ശതമാനം പേർ.
51 ദിവസം കൊണ്ട് പൂർത്തായാക്കിയ സർവേയിൽ 40 മണ്ഡലങ്ങളിൽ നിന്ന് 14,913 പേർ പങ്കെടുത്തു എന്നാണ് മാതൃഭൂമി അവകാശപ്പെടുന്നത്. 18-85 പ്രായമുളളവരാണ് സർവേയിൽ പങ്കെടുത്തത്.