ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കുറ്റ്യാടിയില്‍ എല്‍ഡിഎഫ് വിജയിച്ചു
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. കെപി കുഞ്ഞമഹമ്മദ് കുട്ടിയാണ് വിജയിച്ചത്. 490 വോട്ടിനാണ് എല്‍ഡിഎഫ് കുറ്റ്യാടി പിടിച്ചെടുത്തത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള 1,157 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് കുറ്റ്യാടി. സിപിഎമ്മില്‍ നിന്നാണ് ലീഗ് മണ്ഡലം പിടിച്ചെടുത്തിരുന്നത്.
2008ലെ നിയമസഭാ പുനഃര്‍നിര്‍ണ്ണയത്തോടെ നിലവില്‍ വന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി. വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മല്‍, കുറ്റ്യാടി, പുറമേരി, തിരുവള്ളൂര്‍, വേളം, മണിയൂര്‍, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെകെ ലതിക 6,972 വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് വിജയിച്ചത്. യുഡിഎഫിനായി മത്സരിച്ച ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയായിരുന്നു വിജയം.
2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി സിറ്റിങ്ങ് എംഎല്‍എ കെകെ ലതിക തന്നെ മത്സരിച്ചെങ്കിലും ലീഗിന് മുന്നില്‍ മണ്ഡലം കൈവിടുകയായിരുന്നു. ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയാണ് മണ്ഡലം പിടിച്ചെടുത്തത്. അബ്ദുള്ളയ്ക്ക് 71,809 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലതികയുടെ പിന്തുണ 70,652 വോട്ടുകളില്‍ ഒതുങ്ങി. ബിജെപിയുടെ രാംദാസിന് ലഭിച്ചത് 12,327 വോട്ടുകള്‍ മാത്രം. 1,157 വോട്ടുകളുടെ ഭൂരിപക്ഷവുമായി പാറക്കല്‍ അബ്ദുള്ള നിയമസഭയിലെത്തി.