ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ചേക്കും; പ്രതീക്ഷയോടെ കൊയിലാണ്ടി


കൊയിലാണ്ടി: മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായിരിക്കേ നാദാപുരം എംഎൽഎ ഇ.കെ.വിജയൻ മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചേക്കും. സി.പി.ഐയുടെ 17 എം..എല്‍.എ മാരില്‍ മലബാറില്‍നിന്ന് രണ്ടു പേരാണുള്ളത്. കാഞ്ഞങ്ങാടുനിന്ന് വിജയിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനും നാദാപുരം എം.എല്‍.എ ഇ.കെ.വിജയനും. സി.പി.ഐയുടെ പാര്‍ട്ടി നയം അനുസരിച്ച്‌ ഒറ്റത്തവണ മാത്രമാണ് മന്ത്രിസ്ഥാനം അനുവദിക്കുക.

ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ മന്ത്രിസഭയിലെ അംഗമാണ്. ഇദ്ദേഹത്തെ വീണ്ടും പരിഗണിക്കുകയാണെങ്കില്‍ കഴിഞ്ഞതവണ പാര്‍ട്ടി നടപ്പിലാക്കിയ ടേം മാനദണ്ഡം ഉപേക്ഷിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇ.കെ.വിജയന് സാധ്യത കല്‍പിക്കപ്പെടുന്നത്.

കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഇ.കെ.വിജയൻ ദീര്‍ഘകാലം കോഴിക്കോട് ജില്ല സെക്രട്ടറിയും നിലവില്‍ സംസ്ഥാനസമിതി അംഗവുമാണ്. മണ്ഡലം നിലനിര്‍ത്താന്‍ രണ്ടുതവണ മാനദണ്ഡത്തില്‍ ഇളവുനല്‍കിയാണ് നാദാപുരത്ത് ഇ.കെ. വിജയനെ വീണ്ടും മത്സരിപ്പിച്ചത്. ഇ.കെ.വിജയന്‍ മന്ത്രിയാകും എന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടി.