ആശ്വാസമായി നിപ പരിശോധന ഫലം; 15 പേരുടെ ഫലം കൂടി നെഗറ്റീവ്


കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 15 പേരുടെ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെ​ഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.

സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയ്‌ക്കായി മൃഗസംരക്ഷണ വകുപ്പ് വീണ്ടും ചാത്തമംഗലത്ത് എത്തും. കഴിഞ്ഞ ദിവസം കേന്ദ്രസംഘവും മൃഗസംരക്ഷ വകുപ്പും ശേഖരിച്ച റബൂട്ടാന്റേയും പേരയ്‌ക്കയുടേയും സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കുട്ടി ഭക്ഷിച്ച പഴങ്ങളില്‍ നിപയുടെ സാന്നിദ്ധ്യമുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം.

എന്‍എവി ഭോപ്പാലില്‍ നിന്നുള്ള സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. സംഘം ഇന്ന് ചാത്തമംഗലത്ത് എത്തി വവ്വാലിന്റെ സ്രവം പരിശോധിക്കും. നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.