ആശങ്ക വേണ്ട, ആശ്വാസ വാർത്തയാണ്: നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ അടുത്ത സമ്പർക്ക പട്ടികയിലുള്ള എട്ടു പേരുടെയും പരിശോധനാഫലം നെഗറ്റീവ്


കോഴിക്കോട്: നിപ രോഗ ലക്ഷണം ഉള്ള എട്ട് പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്തി വീണാ ജോര്‍ജ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയീട്ടില്‍ നടത്തിയ പരശോധനയിലാണ് ഇവര്‍ക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് വ്യക്തമായത്. ചാത്തമംഗലത്തു നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എട്ട് പേരുടെ 24 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കൂടുതല്‍ സാംപിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ലാബില്‍ അഞ്ച് സാംപിളുകള്‍ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കും.

ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇതില്‍ 8 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാംപിളുകള്‍ ഇതിന് മുമ്പ് പൂനെയിലേക്ക് അയച്ചിരുന്നു. മുഴുവന്‍ പേരുടേയും സാംപിളുകള്‍ പരിശോധിക്കാന്‍ സധിക്കുമെന്നും മന്ത്രി പറഞ്ഞു.