ആശങ്ക വേണ്ട; 550 കിടക്കകളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ആശുപത്രി ബ്ലോക്ക് സജ്ജം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ ആശുപത്രി ബ്ലോക്ക് സജ്ജം. കോവിഡ്
വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം ഉയരുന്ന സാധ്യത മുന്നില്‍ കണ്ടാണ് സജ്ജമാക്കിയത്.
‘പ്ലാന്‍ സി’ യില്‍ ഉള്‍പ്പെടുത്തിയാണ് കോവിഡ് ചികിത്സക്കായി 550 കിടക്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പുതിയ പിഎംഎസ്എസ്വൈ ബ്ലോക്ക് ഒരുക്കിയത്.
മെഡിക്കല്‍ കോളേജില്‍ പുതുതായി പണിത കാഷ്വാലിറ്റി കോംപ്ലക്‌സാണ് താല്‍ക്കാലികമായി കോവിഡ് ആശുപത്രി ആക്കിയത്. ആഴ്ചകളായി 24 മണിക്കൂറും പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഹോസ്പിറ്റല്‍ ബ്ലോക്ക് സജ്ജമാക്കിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വേണ്ട ഉപകരണങ്ങളും, 250 ഓളം ജീവനക്കാരെയും പുതിയ ബ്ലോക്കില്‍ ഉറപ്പാക്കിയിട്ടുണ്ട്.
കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം, ഐസിയു തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു കോടി രൂപ ചെലവിട്ടാണ് ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ രോഗികളെത്തി മെഡിക്കല്‍ കോളേജില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നാലാണ് പുതിയ ബ്ലോക്ക് ഉപയോഗിക്കുക.