ആവള കുട്ടോത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി
പേരാമ്പ്ര: ആവള കുട്ടോത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. കഴിഞ്ഞ ദിവസം പാറേമ്മല്‍ മദ്രസയിലെത്തിയ കുട്ടികളെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കുട്ടോത്ത് പാറേമ്മല്‍ മദ്രസയ്ക്കടുത്ത് ഒഴിച്ചിട്ട കെട്ടിടം ഇപ്പോള്‍ തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. അമ്മയും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എട്ടോളം നായകളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളും ജോലിക്ക് പോകുന്നവരുമെല്ലാം പേടിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുവാന്‍ നായ്ക്കളുടെ വന്ധ്യകരണമുള്പ്പെടെയുള്ള അടിയന്തര നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പേരാമ്പ്ര ടൗണില്‍ നിരവധി പേരെ തെരുവുനായ ആക്രമിച്ചിരുന്നു. 23 പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വയനാട്ടിലെ പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ഇവരെ ആക്രമിച്ച തെരുവനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.