ആളും ആരവവുമില്ലാതെ നഗരം; ലോക്ഡൗണിനോട് സഹകരിച്ച് കൊയിലാണ്ടിക്കാർ


കൊയിലാണ്ടി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നിബന്ധനകളോട് സഹകരിച്ച് കൊയിലാണ്ടിക്കാർ. മിനി ലോക്ഡൗണിൽ അനുഭവപ്പെട്ട വാഹനങ്ങളുടെ നിരയോ ആൾകൂട്ടമോ ഇന്ന് പ്രകടമല്ല. അവശ്യ സേവനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും നഗരത്തിലേക്കെത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

പലപ്പോഴും നഗരമധ്യം വിജനമായിട്ടാണ് അനുഭവപ്പെടുന്നത്. നഗരം കേന്ദ്രീകരിച്ചും സിവിൽ സ്റ്റേഷന്റെ മുന്നിലുമായി ദേശീയ പാതയോരത്ത് പോലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പാതയിലും, പ്രധാന കവലകളിലെയും പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്.

ചരക്ക് വണ്ടികളോടൊപ്പം ഒറ്റപ്പെട്ട നിലയിൽ അത്യാവശ്യ കാര്യങ്ങൾക്കായ് പുറത്തിറങ്ങുന്ന, മതിയായ രേഖകളും കാണിച്ചു വരുന്ന വണ്ടികളുമാണ് കടന്നുപോവുന്നത്. കൂടുതൽ രോഗികൾ റിപ്പോർട്ടു ചെയ്യപ്പെടുന്ന ജില്ല എന്ന നിലയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ട എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. കർശനമായ പരിശോധനയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

ആശങ്കയുടെ മുൾമുനയുയർത്തി കൊയിലാണ്ടി മേഖലയിൽ കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ ആളുകൾ ലോക് ഡൗണിനോട് പൂർണ്ണമായ് സഹകരിക്കണമെന്ന് പ്രാദേശിക ഭരണകൂടവും അഭ്യർത്ഥിച്ചിട്ടുണ്ട്.