ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നിര്‍ത്തിവച്ച സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം; ഡി.വൈ.എഫ്.ഐ


 

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തി വച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്ത് രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. അതിനെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

1700 രൂപയായിരുന്ന നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ 500 രൂപയിലേക്ക് കുറച്ചത്. ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. എന്നാല്‍, കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തേണ്ടതിന് പകരം, ആര്‍ടിപിസിആര്‍ ടെസ്റ്റ് തന്നെ ഒഴിവാക്കിയിരിക്കുകയാണ് ചില സ്വകാര്യ ലാബുകള്‍. കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്താന്‍ സാധിക്കില്ലെന്ന നിലപാട് അനുവദിക്കാന്‍ കഴിയില്ല.

ആര്‍ടിപിസിആര്‍ പരിശോധന മനപ്പൂര്‍വ്വം നിര്‍ത്തിവച്ചിരുന്ന ലാബുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിമാര്‍ പരാതി നല്‍കും. മഹാമാരിക്കാലത്ത് മനുഷ്യജീവനെ മറന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ പകര്‍ച്ച വ്യാധി തടയല്‍ നിയമ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.