‘ആരോഗ്യത്തിനും സൗന്ദര്യത്തിനും ബെസ്റ്റ്’; പൈനാപ്പിള്‍ കഴിച്ചാല്‍ ഇത്രയേറെ ഗുണങ്ങളോ? നോക്കാം വിശദമായി


പൈനാപ്പിള്‍ എന്ന കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങളില്‍ വച്ച് പോഷകഗുണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്. കുട്ടികള്‍ക്കു നല്‍കാന്‍ മികച്ച ഒരു പഴമാണിത്. നല്ല മധുരവും രുചിയുമുള്ള ഫലമാണ് പൈനാപ്പിള്‍. എന്നാല്‍ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല.

ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ പൈനാപ്പിളിനുണ്ട്. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും എന്‍സൈമുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ‘ബ്രോമെലൈന്‍ എന്ന എന്‍സൈം ആണ്. ഇത് പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു. ബ്രോമെലെയ്ൻന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. പഞ്ചസാര ഉപയോഗിക്കാതെ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്.

ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ.

  • ദഹനത്തിനു സഹായകം

ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും.

  • കാൻസർ സാധ്യത കുറയ്ക്കുന്നു.

ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.

  • ഇൻഫ്ലമേഷൻ തടയുന്നു

ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.

  • സന്ധിവാതത്തിന്

ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.

  • എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ ബ്രോമെലെയ്ൻ സഹായിക്കുന്നു.

  • രോഗപ്രതിരോധ ശക്തിയേകുന്നു

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും.

  • വേഗം സുഖമാകാൻ

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.

  • ചർമത്തിന്റെ ആരോഗ്യം

പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പാർശ്വഫലങ്ങൾ

ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാൻ കാരണമാകും. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.

പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം.