ആയുധങ്ങളുമായി ഉത്തർ പ്രദേശിൽ യുവാക്കൾ അറസ്റ്റിലായ സംഭവം; അന്വേഷണ സംഘം വടകരയിലെത്തി


വടകര: പുതുപ്പണം സ്വദേശി ആയുധങ്ങളുമായി ഉത്തർപ്രദേശിൽ പിടിയിലായ സംഭവത്തിൽ യു.പി പോലീസിന്റെ അന്വേഷണം വടകരയിലും. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വടകരയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ഫെബ്രുവരി 16-നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഫിറോസ് ഖാനെയും പത്തനംതിട്ട സ്വദേശി അൻസാദിനെയും സ്ഫോടകവസ്തുക്കളുമായി യു.പി. പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഫിറോസ്‌ഖാന്റെ പശ്ചാത്തലം അന്വേഷിക്കാനും നേരത്തേ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനുമാണ് പോലീസ് എത്തിയത്. പോലീസ് തട്ടിക്കൊണ്ടുപോയി കള്ളക്കേസിൽ കുടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഘടനയുടെ ആവശ്യാർഥം ഫെബ്രുവരി ആറിന് ഫിറോസ്‌ഖാൻ ബിഹാറിലേക്ക് പോയിരുന്നെന്നാണ് കുടുംബം നേരത്തേ വ്യക്തമാക്കിയത്. 11-ന് ഇവിടെനിന്ന് നാട്ടിലേക്ക് തിരിച്ചു. അന്ന് വൈകീട്ടോടെ ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് വിവരമൊന്നുമില്ലാതായതോടെ കുടുംബം വടകര പോലീസിൽ ഫിറോസിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകി. ഈ പരാതിയുടെ വിവരങ്ങൾ ഉൾപ്പെടെ യു.പി.യിൽ നിന്നെത്തിയ പോലീസുകാർ വടകര പോലീസ് സ്റ്റേഷനിലെത്തി ശേഖരിച്ചു. ഫിറോസിനെതിരേ മറ്റെന്തെങ്കിലും കേസുകളുണ്ടോ എന്നും അന്വേഷിച്ചു.