ആനവണ്ടിയില്‍ ആഘോഷിക്കാം, കാടിനുള്ളില്‍ താമസിക്കാം; കോഴിക്കോട് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്രാ ബസ് അവതരിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി



കോഴിക്കോട്: ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. സിനിമ ഇറങ്ങിയതിനു ശേഷം നിരവധി പേരാണ് ഗവിയിലേക്ക് പോയി പ്രകൃതി സൗന്ദര്യം ആസ്വദിച്ചത്. അങ്ങോട്ട് പോകാന്‍ കഴിയാത്തതും എന്നാല്‍ അവിടെ പോയി പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരുമായ നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്.

ഗവിയിലേക്കുള്ള യാത്രയാണ് പലരെയും അങ്ങോട്ട് പോകുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. അത്രയും ദൂരെയുള്ള സ്ഥലത്തേക്ക് പോകുക എന്നത് പലര്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടാണ്. എന്നാല്‍ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി.

വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂട്ടിയിണക്കി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നും ഗവിയിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങാനാണ് തീരുമാനം. ഇതിനുള്ള പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി എന്നാണ് വിവരം. ഡിസംബര്‍ ആദ്യ ആഴ്ച തന്നെ സര്‍വ്വീസ് തുടങ്ങാനാണ് ആനവണ്ടിയുടെ ലക്ഷ്യം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വിനോദസഞ്ചാരികളെ ആദ്യം പത്തനംതിട്ടയിലെത്തിച്ച് അവിടെ നിന്ന് സെമി സ്ലീപ്പര്‍ ബസില്‍ ഗവിയിലേക്ക് കൊണ്ടുപോകുന്ന തരത്തിലാണ് സര്‍വ്വീസ്. 16 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബസാണ് ഇതിനായി തയ്യാറാക്കുന്നത്.

പത്തനംതിട്ടയില്‍ നിന്ന് മണിയാര്‍, മൂഴിയാര്‍, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഒരു രാത്രി ബസില്‍ത്തന്നെ ഗവിയില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനംവകുപ്പിന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുന്നത്.

ടിക്കറ്റ് ഇതര വരുമാനം എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭത്തിന് കെ.എസ്.ആര്‍.ടി.സി തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 23 ന് ബജറ്റ് ടൂറിസം സെല്‍ എന്ന് പേരില്‍ പ്രത്യേക വിഭാഗം കെ.എസ്.ആര്‍.ടി.സി തുടങ്ങിയിരുന്നു. ഓരോ ജില്ലയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്താനാണ് ശ്രമം. മലപ്പുറം-മൂന്നാര്‍ ടൂറിസം സര്‍വീസിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് പുതിയ സാധ്യതകള്‍ കെ.എസ്.ആര്‍.ടി.സി തേടിയത്.

കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് മലപ്പുറം ഡിപ്പോയില്‍നിന്ന് മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ക്കായുള്ള പ്രത്യേക സര്‍വീസ് ആരംഭിച്ചത്. ഒരു ലോ ഫ്‌ളോര്‍ എ.സി. ബസടക്കം മൂന്ന് വണ്ടികളാണ് സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസ് തുടങ്ങി രണ്ടാഴ്ചകൊണ്ട് 635 പേരാണ് ഈ ബസുകളിലെത്തി മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം, അടൂര്‍, പാലാ ഡിപ്പോകളില്‍നിന്നും മൂന്നാറിലേക്ക് ടൂറിസം ട്രിപ്പുകള്‍ തുടങ്ങി. കൂടാതെ തിരുവല്ല, പാലാ ഡിപ്പോകളില്‍നിന്ന് ചാലക്കുടി മലക്കപ്പാറയ്ക്കും സര്‍വീസ് തുടങ്ങി.

തുടക്കത്തില്‍ ഒറ്റസര്‍വീസുകളാണ് ഡിപ്പോകളില്‍ നിന്ന് ഇതിനായി വിനിയോഗിച്ചതെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണം കൂടിയതോടെ സര്‍വീസുകളും ഇരട്ടിയാക്കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.