ആദ്യം ചാറ്റിങ് പിന്നെ പണം ചോദിക്കല്‍; കോഴിക്കോട് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘം സജീവം


കോഴിക്കോട്: സൂക്ഷിക്കുക, വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു പണം തട്ടുന്ന സംഘം ഇപ്പോഴും സജീവം. നിങ്ങളുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിക്കും. തുടർന്നു ഫെയ്‌സ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയിൽ നിന്നു നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തി, നിങ്ങളാണെന്ന വ്യാജേന അവരോടു ചാറ്റ് ചെയ്യും. അതിനിടയിൽ പണത്തിന്റെ അത്യാവശ്യം ബോധ്യപ്പെടുത്തും.

ഗൂഗിൾ പേ വഴി പണം ആവശ്യപ്പെടും. നിങ്ങളാണു ചാറ്റ് ചെയ്യുന്നതെന്ന ധാരണയിൽ സുഹൃത്തുക്കൾ പണം നൽകുകയും ചെയ്യും. പിന്നീടു പണം തിരിച്ചു കിട്ടാതെ വരുമ്പോൾ സുഹൃത്തു വിളിക്കും. അപ്പോഴാണു നിങ്ങളുടെ പേരിൽ വലിയ തട്ടിപ്പു നടന്ന വിവരം അറിയുക. കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ ജനറൽ മാനേജർ മൊകവൂർ ‘തിരുവാതിര’യിൽ ജി.ഹരീഷ്കുമാറിന്റെ പേരിൽ ഇത്തരത്തിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു തട്ടിപ്പു നടത്തി. 25 നു രാത്രിയാണു വ്യാജ അക്കൗണ്ട് ആരംഭിച്ചത്.

ഹരീഷ്കുമാറിന്റെ ഫെയ്സ്ബുക്ക് സുഹൃത്തുക്കൾക്കെല്ലാം ക്ഷണം അയച്ചു. പിന്നീട് അവരുമായി ചാറ്റ് ചെയ്തു. അപ്പുറത്തു ഹരീഷ്കുമാർ ആണെന്ന ധാരണയിൽ കുശലം പറച്ചിൽ തുടർന്നു. ഇടയ്ക്കു പണത്തിന്റെ അത്യാവശ്യം പറഞ്ഞു. 1000 രൂപ മുതൽ 6000 രൂപ വരെ ആവശ്യപ്പെട്ടു. ഗൂഗിൾ പേ ചെയ്യാൻ ഒരു മൊബൈൽ നമ്പറും നൽകി (അതു പിന്നീട് സ്വിച്ച് ഓഫ് ആണ്). സംശയം തോന്നിയ ചില സുഹൃത്തുക്കൾ വിളിച്ചപ്പോഴാണു ഹരീഷ്കുമാർ തന്റെ പേരിൽ തട്ടിപ്പു നടക്കുന്ന വിവരം അറിഞ്ഞത്. ഇനി പണം തിരിച്ചു ചോദിച്ച് ആളെത്തുമ്പോഴായിരിക്കും എത്രപേർ തട്ടിപ്പിനിരയായെന്ന് മനസ്സിലാകുക. എന്തായാലും ഹരീഷ്കുമാർ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.