‘ആദ്യം ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടു, ഉടന്‍ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, ഇരുവരും നിന്ന് കത്തി’; തിക്കോടി സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നു


കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത് യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്നായിരുന്നെന്ന് ദൃക്‌സാക്ഷി. പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് വരികയായിരുന്ന മുഹമ്മദ് എന്ന വ്യക്തിയാണ് സംഭവം നേരിട്ട് കണ്ടത്.

യുവാവിന്റെ ബൈക്കിന് സമീപം നിന്ന് ഇരുവരും സംസാരിക്കുന്നതാണ് താന്‍ പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് വരുമ്പോള്‍ കണ്ടതെന്ന് മുഹമ്മദ് പറയുന്നു. തൊട്ടടുത്ത നിമിഷം യുവാവ് പെട്രോള്‍ കുപ്പിയെടുത്ത് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു. ഇതിന് ശേഷം യുവാവ് സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തിയെന്നും മുഹമ്മദ് പറഞ്ഞു.

രണ്ട് പേരും നിന്ന് കത്തുന്ന കാഴ്ചയാണ് പിന്നീട് താന്‍ കണ്ടതെന്നും മുഹമ്മദ് നടുക്കത്തോടെ ഓര്‍ത്തെടുക്കുന്നു. പെണ്‍കുട്ടി അലറിവിളിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ ഓടുകയും നിലത്ത് വീഴുകയും ചെയ്തുവെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ ഇരുപത്തി മൂന്ന് വയസുകാരി കൃഷ്ണപ്രിയയെയാണ് നന്ദു (27) എന്ന യുവാവ് തീ കൊളുത്തിയത്.

നാട്ടുകാര്‍ ഓടിക്കൂടി തീ അണച്ച ശേഷം ഇരുവരെയും പൊലീസ് ജീപ്പിലും ആംബുലന്‍സിലുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടന്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.