ആദ്യ രണ്ടാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘ഹാപ്പിനസ് സ്‌കൂള്‍’; ഹാപ്പിനസ് സ്‌കൂളിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍


 

കോഴിക്കോട്‌: പത്തൊൻപതു മാസത്തെ കോവിഡ്‌ മഹാമാരി കാലത്തിന്‌ ശേഷം സ്‌കൂളിന്റെ പടികടന്നെത്തുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത്‌ ആഹ്ലാദകരമായ പഠന ദിനങ്ങൾ. രണ്ടാഴ്‌ച വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളുണ്ടാകില്ല. പഠനേതര പ്രവർത്തനങ്ങളും മാറ്റിവയ്‌ക്കും. കോവിഡുമായി ബന്ധപ്പെട്ട ക്ലാസുകളാണ്‌ ‘ഹാപ്പിനസ്‌ സ്‌കൂൾ ’ എന്നുപേരിട്ട ആദ്യദിനങ്ങളിൽ നൽകുക.

കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾ നേരിട്ട സാമൂഹിക, മാനസിക, വൈകാരിക പ്രശ്‌നങ്ങളെ പരിഹരിക്കാനുതകുന്നരീതിയിലുള്ള ഇടപെടലുകളാകും അധ്യാപകരും ഒപ്പം രക്ഷിതാക്കളും നടത്തുക. കോവിഡിൽനിന്ന്‌ ഏതെല്ലാം രീതിയിൽ സുരക്ഷ നേടാം, മാനദണ്ഡം പാലിക്കേണ്ടത്‌ എങ്ങനെ എന്നിവയെല്ലാം ക്ലാസിൽ ഉൾപ്പെടുത്തും. ഇതിനായി അധ്യാപകർക്ക്‌ പ്രത്യേക പരിശീലനവും നൽകും.

രക്ഷിതാക്കൾക്ക്‌ ഹാപ്പിനസ്‌ സ്‌കൂൾ ഒരുക്കത്തെ കുറിച്ച്‌ അധ്യാപകർ ക്ലാസ്‌ നൽകും. 30ന്‌ മുമ്പായി ഓൺലൈനായോ നേരിട്ടോ പരിശീലനം നൽകണമെന്നാണ്‌ നിർദേശം. എങ്ങനെ മക്കളുമായി ഇടപഴകണം, എങ്ങനെയാണ്‌ പിന്തുണ നൽകേണ്ടത്‌, ഏതുരീതിയിൽ സ്‌കൂളിലേക്ക്‌ അയക്കണം, തിരിച്ച്‌ വീട്ടിലേക്കെത്തുമ്പോൾ സ്വീകരിക്കേണ്ടതെങ്ങനെ, വിദ്യാലയങ്ങളിൽ കുട്ടികളെ കുറിച്ചന്വേഷിക്കുന്നത്‌ ഏത്‌ രീതിയിലാകണം എന്നെല്ലാം രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.