ആചാര പൊലിമയില്‍ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി കാളിയാട്ടം നടന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ഒട്ടെറെ പേര്‍ ക്ഷേത്ത്രതിലെത്തി. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് വരവുകളും ക്ഷേത്രത്തിലെത്തി.

തുടര്‍ന്ന് ഭഗവതിയെ പുറത്തെഴുന്നളളിച്ചു. പാലച്ചുവട്ടില്‍ ആചാരപ്രകാരമുളള ചടങ്ങുകള്‍ക്ക് ശേഷം കലാമണ്ഡലം ശിവദാസന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം നടന്നു. പാണ്ടി മേളത്തിന് ശേഷം ക്ഷേത്രത്തിന്റെ കിഴക്കെ നടയിലൂടെ ഭഗവതി നിശ്ചിത സ്ഥലങ്ങളിലൂടെ ഊരുചുറ്റാനിറങ്ങും. ഊരുചുറ്റലിന് ശേഷം തിരികെ ക്ഷേത്രത്തിലെത്തി രാത്രി 11.25നും,11.50 നുമിടയിലുളള ശുഭ മുഹൂര്‍ത്തത്തില്‍ വാളകം കൂടും.

വലിയ വിളക്ക് ദിവസം രാത്രി പതിനൊന്നരയോടെ ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നളളിച്ചു. സ്വര്‍ണ്ണനെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്തായിരുന്നു നാന്തകം എഴുന്നളളിച്ചത്. മേളത്തിന് കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, മുചുകുന്ന് ശശി മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വോട്ടെടുപ്പ് ദിവസമായിട്ട് കൂടി വന്‍ ജനാവലിയാണ് പിഷാരികാവ് കാളിയാട്ട മഹോല്‍സവത്തിന് ഒത്തു ചേര്‍ന്നത്. സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളോട് തുടരെ തുടരെ അനൗണ്‍സ്‌മെന്റ് നടത്തി. കഴിഞ്ഞ വര്‍ഷം വെറും ചടങ്ങ് മാത്രമായിട്ടാണ് ഉല്‍സവം നടത്തിയത്. എന്നാല്‍ ഈ വര്‍ഷം നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തുകയായിരുന്നു.