ആകാശ് തില്ലങ്കേരിയുടെ കാറ് അപകടത്തില്‍ പെട്ടു; നാലു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആകാശ് തില്ലേങ്കേരി അടക്കം നാല് പേര്‍ക്ക് പരുക്ക്. കാറില്‍ ആകാശ് തില്ലങ്കേരിക്കൊപ്പം അശ്വിന്‍, ഷിബിന്‍, അഖില്‍ എന്നീ സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ അശ്വിന്റെ നില അതീവ ഗുരുതരമാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്.

ഇന്നലെ രാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്.
ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തില്ലങ്കേരിയിലേക്ക് മടങ്ങുമ്പോള്‍ കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിക്കുകയായിരുന്നു. എന്നാല്‍ കാര്‍ അമിത വേഗതയിലായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുകയാണെന്ന് കൂത്തുപറമ്പ് പൊലീസ് പറഞ്ഞു.

ഷുഹൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.