ആ കടുവ ഇനിയും വരുമോ? ഭയത്തില്‍മുങ്ങി പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍, പേടിക്കല്ലേയെന്ന് വനംവകുപ്പ്


പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഭീതിയില്‍. നേരം വെളുക്കുന്നതിനു മുമ്പ് ടാപ്പിംഗ് ജോലിയ്ക്ക് ഇറങ്ങുന്നവരാണ് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍. നേരത്തെ തന്നെ ആയുടെയും പന്നിയുടെയും ശല്യമുള്ളിടത്ത് ഇപ്പോള്‍ കടുവയെക്കൂടി ഭയക്കേണ്ട സ്ഥിതിയിലാണ് ഇവര്‍.

സഹായത്തിനായി വിളിച്ചാല്‍പോലും കേള്‍ക്കാത്ത അകലത്താണ് ഓരോ ടാപ്പിംഗ് തൊഴിലാളിയും പണിയെടുക്കുന്നത്. എസ്‌റ്റേറ്റിലെ എ.ബി ഡിവിഷനില്‍പ്പെട്ട റബ്ബര്‍ ടാപ്പിങ് നടക്കുന്ന മേഖലയിലാണ് കടുവയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് അടുത്തുതന്നെയാണ് തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സുകള്‍. അതുകൊണ്ടുതന്നെ കടുവയെ എസ്റ്റേറ്റ്‌മേഖലയില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. നശിച്ചുകിടക്കുന്ന ഫെന്‍സിംഗ് പുനസ്ഥാപിക്കാനും പാച്ച് ഏരിയയിലെ കാട് വെട്ടിത്തെളിക്കാനും നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ പറയുന്നു.

എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബുധനാഴ്ച പോത്തിനെ വന്യമൃഗം കടിച്ചുകൊന്നനിലയില്‍ കണ്ടെത്തിയത്. എസ്റ്റേറ്റ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ബിനു മേയാന്‍വേണ്ടി കെട്ടിയ പോത്താണ് ആക്രമിക്കപ്പെട്ടത്. സമീപത്ത് കണ്ട ജീവിയുടെ കാല്‍പാടുകള്‍ അഞ്ചു വയസ്സ് പ്രായംതോന്നിക്കുന്ന കടുവയാണെന്ന് വനംവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ഇതോടെയാണ് തൊഴിലാളികള്‍ക്കിടയില്‍ ഭീതിപടര്‍ന്നത്.

എന്നാല്‍ തൊഴിലാളികള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോടു പറഞ്ഞു. സാധാരണയായി കടുവകള്‍ മനുഷ്യരെ ആക്രമിക്കുന്നത് വളരെ വിളരമാണ്. കടുവയ്ക്ക് എന്തെങ്കിലും പരിക്കുപറ്റിയ സമയത്തോ, ഇരയെ പിടികൂടിയ ഘട്ടത്തിലോ, ഇണചേരുന്ന ഘട്ടത്തിലോ, കുഞ്ഞുങ്ങള്‍ അരികിലുള്ള സമയത്തോ മനുഷ്യരെ കണ്ടാല്‍ മാത്രമേ കടുവ ആക്രമിക്കുകയുള്ളൂ. ഈ കടുവ അത്തരത്തിലുള്ളതല്ലെന്നാണ് അവിടെ നടത്തിയ പരിശോധനകളില്‍ മനസിലായത്. കടുവ കൊലപ്പെടുത്തിയ പോത്തിന്റെ മൃതദേഹം അവിടെ തന്നെ വെച്ചുകൊണ്ട് രണ്ടുദിവസം വനംവകുപ്പ് അവിടെ പരിശോധന നടത്തിയിരുന്നു. പോത്തിനെ ഭക്ഷിക്കാനായി അത് വീണ്ടും വന്നിട്ടില്ല. മാത്രമല്ല സംഭവം നടന്ന പ്രദേശത്ത് ആനയെ ഓടിക്കാനായി പ്രദേശവാസികള്‍ ആ ദിവസങ്ങളില്‍ പടക്കം പൊട്ടിച്ചിരുന്നു. ഇത് ഭയന്നാവാം കടുവ പോത്തിനെ ഭക്ഷിക്കാതെ പോയത്. അത്തരത്തിലുള്ള ഒരു കടുവ മനുഷ്യനെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നും അതിനാല്‍ പ്രദേശവാസികള്‍ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.