അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ചെമ്പനോട ആരോഗ്യ ഉപകേന്ദ്രം


പെരുവണ്ണാമൂഴി : അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ ചക്കിട്ടപാറ ചെമ്പനോടയിലെ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. പഞ്ചായത്തിലെ മൂന്നാംവാർഡിൽ ചെമ്പനോട മേലേ അങ്ങാടിക്കടുത്താണ് ഉപകേന്ദ്രമുള്ളത്. പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലാണ് പ്രവർത്തനം. കുത്തിവെപ്പുകൾ നൽകലാണ് ഇവിടെ പ്രധാനമായി നടക്കുന്നത്.

പതിറ്റാണ്ടുകൾക്കുമുമ്പ് ആരോഗ്യവകുപ്പിന്റെ സ്ഥലത്ത് നിർമിച്ചതാണ് ഉപകേന്ദ്രത്തിന്റെ കെട്ടിടം. നേരത്തേയുള്ള വയറിങ്‌ തകരാറിലായതിനെത്തുടർന്ന് ഇപ്പോൾ വൈദ്യുതിയില്ല.

വൈദ്യുതീകരണവും പ്ലംബിങ്ങും നടത്തി നവീകരിച്ചാൽ കെട്ടിടം കൂടുതൽ കാര്യക്ഷമമായി ആരോഗ്യസേവനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഉപകേന്ദ്രത്തിന്റെ വളപ്പിൽത്തന്നെ കിണറുണ്ട്. മോട്ടോർ സ്ഥാപിച്ചാൽ പൈപ്പിലൂടെ വെള്ളമെത്തിക്കാനാകും.

പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളിൽപ്പെട്ടവരൊക്കെ ഉപകേന്ദ്രത്തിന്റെ സേവനപരിധിയിലുള്ളവരാണ്. പൂഴിത്തോട്, ചെമ്പനോട ഭാഗത്തുള്ളവർക്ക് നിലവിൽ പന്നിക്കോട്ടൂർ ഹെൽത്ത് സെന്ററിൽ എത്തിപ്പെടണമെങ്കിൽ വാഹനംവിളിച്ച് ഏറെദൂരം പോകണം. ഡോക്ടറുടെ സേവനം ലഭ്യമാക്കി ഉപകേന്ദ്രം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.