‘അവളെ കൊന്നത് ന്യായീകരിക്കാന്‍ പുറത്ത് വിട്ട ഓഡിയോ കേള്‍ക്കുമ്പോള്‍ ഏതോ അപരിഷ്‌കൃത ലോകത്ത് പെട്ട പോലെ’; തിക്കോടിയില്‍ കൊല്ലപ്പെട്ട യുവതിയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചരങ്ങള്‍ക്കെതിരെ ഗാനരചയിതാവ് നിധീഷ് നടേരി


കൊയിലാണ്ടി: തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിലുള്ള ഓഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പ്രമുഖ ചലച്ചിത്ര ഗാനരചയിതാവും കൊയിലാണ്ടി സ്വദേശിയുമായ നിധീഷ് നടേരി. ക്യാപ്റ്റൻ, വെള്ളം, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ ഗാനങ്ങൾക്കായി തൂലിക ചലിപ്പിച്ച നിധീഷ് നടേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃഷ്ണപ്രിയയ്ക്കെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്.

കൃഷ്ണപ്രിയയെ കൊന്ന സംഭവത്തെ ന്യായീകരിക്കാന്‍ പുറത്ത് വിട്ട ഓഡിയോ കേള്‍ക്കുമ്പോള്‍ ഏതോ അപരിഷ്‌കൃത ലോകത്ത് പെട്ടത് പോലെ ഇരുട്ടത്താകുന്നു എന്ന് അദ്ദേഹം കുറിച്ചു. ആണുങ്ങളുടെ സി.സി.ടി.വി നിരീക്ഷണത്തില്‍ കഴിയേണ്ട സ്വകാര്യ സ്വത്തോ വാട്ടില്‍ വാങ്ങിയിടാന്‍ തയ്യാറാക്കിയ ഗൃഹോപകരണമോ അല്ല പെണ്ണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പ്രണയിക്കാനിറങ്ങുന്ന ‘ആണ്‍ ബോധങ്ങള്‍’ ഇക്കാര്യം മനസിലാക്കണം. മനുഷ്യരെ മനസിലാക്കാത്തവര്‍ പ്രണയിക്കാന്‍ ഇറങ്ങരുത്. ഏകാധിപതികള്‍ രാജ്യങ്ങള്‍ കീഴടക്കുന്നത് പോലെയുള്ള മനുഷ്യത്വരഹിതമായ പണിയോ പിന്മാറുമ്പോള്‍ പിന്നാലെ ചെന്ന് പിടിച്ചടക്കി വിജയകാഹളം മുഴക്കേണ്ട യുദ്ധമെന്ന വൃത്തികേടോ അല്ല ഇതെന്നും അദ്ദേഹം ആണുങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

എത്ര അനായാസമാണ് നിഷേധിക്കുന്നവരെ തീ കൊളുത്തുന്നതെന്നും ആ പടുക്രൂരതയെ എത്ര നിസ്സാരമായാണ് ന്യായീകരിക്കുന്നത് എന്നുമുള്ള നിരാശയും അദ്ദേഹം പങ്കുവച്ചു.

 

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തിക്കോടിയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ കുടുംബവും പ്രതി നന്ദുവിന്റെ കുടുംബവും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന കുറിപ്പോടെയാണ് ഓഡിയോ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിക്കുന്നത്. കൃഷ്ണപ്രിയയുടെ സംസ്‌കാരം നടക്കുന്നതിന് മുമ്പ് തന്നെ ഈ പ്രചരണം തുടങ്ങിയിരുന്നു.

നന്ദുവെന്ന് കരുതപ്പെടുന്നയാള്‍ കൃഷ്ണപ്രിയയെ വളരെ മോശമായ പദപ്രയോഗം നടത്തി അധിക്ഷേപിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. ഇത് കൂടാതെ പല തരത്തിലും കൃഷ്ണപ്രിയയെ കുറ്റപ്പെടുത്തുന്നതും എട്ട് മിനുറ്റിന് മുകളില്‍ ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ ഉണ്ട്.

പ്രതി നന്ദു ചെയ്ത കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന കുറിപ്പും ഓഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നുണ്ട്. പ്രതിയും കൃഷ്ണപ്രിയയും സോഷ്യല്‍ മീഡിയാ ദുരുപയോഗത്തിന്റെ ഇരകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. സംഭവത്തിലെ ‘യഥാര്‍ത്ഥ വില്ലന്‍’ മറ്റാരോ ആണെന്ന് സ്ഥാപിക്കാനും കുറിപ്പിലൂടെ ശ്രമിക്കുന്നുണ്ട്.

മരിച്ച ശേഷം നന്ദുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ട് സഹികെട്ടാണ് ഈ ഓഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് പറയുന്ന കുറിപ്പില്‍ അധിക്ഷേപകരമായ പദപ്രയോഗങ്ങളും ഉണ്ട്. നന്ദു പാവമാണെന്ന പ്രഖ്യാപനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരാണ് നന്ദുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന വിചിത്രമായ കണ്ടെത്തലും കുറിപ്പിലുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തോട് വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന നന്ദു സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു. ഇത് തെളിയിക്കുന്ന നന്ദു തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.


തിക്കോടി സംഭവത്തിലെ ഇരയായ കൊല്ലപ്പെട്ട കൃഷ്ണപ്രിയയെ സ്വഭാവഹത്യ ചെയ്യുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് വായനക്കാരോട് പേരാമ്പ്ര ന്യൂസ് ഡോട് കോം അഭ്യര്‍ത്ഥിക്കുന്നു.


നിധീഷ് നടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ: