അവയവദാനത്തിന് ഉറ്റബന്ധു വേണമെന്നില്ലെന്ന് ഹൈക്കോടതി


കൊച്ചി: പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന്‌ (സ്വാപ് ട്രാൻസ്‌പ്ലാന്റ്‌) ദാതാക്കൾ ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ പ്രാവർത്തികമല്ലെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ വ്യവസ്ഥ നോക്കാതെ അനുമതി പരിഗണിക്കണമെന്ന്‌ കോടതി നിർദേശിച്ചു.

രക്ത​ഗ്രൂപ്പ് ചേരാത്തതിനാൽ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന്‌ ഓതറൈസേഷൻ കമ്മിറ്റി അനുമതി നിരസിച്ചതിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് എൻ നാ​ഗരേഷിന്റെ ഉത്തരവ്. അവയവമാറ്റ നിയമത്തിലെ വകുപ്പ്‌ 9 (3) പ്രകാരം അടുത്ത ബന്ധുക്കൾ അല്ലാത്തവർക്കും അവയവദാനമാകാമെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി, മകന്റെ ഭാര്യയുടെ അച്ഛനും ദാതാവുമായ ഉമ്മർ ഫാറൂഖ്, കണ്ണൂർ സ്വദേശി സലിം, ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് കോടതിയെ സമീപിച്ചത്. മൊയ്തീൻകുട്ടിക്കും സലിമിനും വൃക്ക മാറ്റിവയ്ക്കണം. എന്നാൽ, ദാതാക്കളുടെ രക്ത​ഗ്രൂപ്പുകളുമായി ചേരുന്നില്ല. പരസ്പരം വച്ചുമാറിയുള്ള വൃക്കദാനത്തിനായി ഓതറൈസേഷൻ കമ്മിറ്റിയെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചു. സ‌ലിമിന്റെ ഭാര്യയായതിനാൽ അടുത്തബന്ധുവായി ജമീല വരുമെങ്കിലും ഉമ്മർ ഫാറൂഖിനെ അങ്ങനെ കണക്കാക്കാനാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്‌.

ഹർജിക്കാരുടെ അപേക്ഷയിൽ എത്രയുംവേ​ഗം തീരുമാനമെടുക്കാന്‍ കമ്മിറ്റിയോട്‌ കോടതി നിർദേശിച്ചു. 2018ലാണ്‌ സ്വാപ് ട്രാൻസ്‌പ്ലാന്റിന്‌ സർക്കാർ മാർ​ഗനിർദേശം തയ്യാറാക്കിയത്‌. അവയവദാനവുമായി ബന്ധപ്പെട്ട് പണമിടപാട് നടക്കുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് വ്യവസ്ഥകൾ കർശനമാക്കിയത്‌.