അഴിയൂരില്‍ ബോംബുകള്‍ കണ്ടെത്തി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍


അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപം ആറ് ബോംബുകള്‍ കണ്ടെത്തി. പുളിയേരിനട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബുകളും കണ്ടെത്തിയത്.

സംഭവം അറിഞ്ഞതോടെ പരിസരവാസികളില്‍ പരിഭ്രാന്തിയിലാണ്. സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് ബോംബ് കണ്ടത്. ചോമ്പാല്‍ പോലീസും ബോംബ് സ്‌ക്വാഡും നിര്‍വീര്യമാക്കാനായി ഇവ കസ്റ്റഡിയിലെടുത്തു.

ആളൊഴിഞ്ഞ പ്രദേശമായ ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ അപരിചതര്‍ എത്താറുണ്ടെന്ന് പരിസരവാസികള്‍ അറിയിച്ചു. വലിയ ഒരു ഗ്രൗണ്ട് അടക്കമുള്ള ഇവിടെ രാത്രി കാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ താവളമായിട്ട് കുറച്ച് കാലമായി എന്നും ഈ പ്രദേശത്ത് പോലീസിന്റെ ശ്രദ്ധ കൂടുതല്‍ വേണമെന്നും സമീപവാസികള്‍ ആവശ്യപ്പെട്ടു.