അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഇത് തുലാവര്‍ഷ സീസണിലെ എട്ടാമത്തെ ന്യൂനമര്‍ദ്ദം; കോഴിക്കോട് ജില്ലയില്‍ യെല്ലോ അലെര്‍ട്ട്



കോഴിക്കോട്: അറബിക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തുലാവര്‍ഷം തുടങ്ങിയതിനു ശേഷമുള്ള എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്. പരക്കെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്.

പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിലാണ് പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരം. അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് അകന്ന് പോകുന്നതിനാല്‍ സംസ്ഥാനത്തിന് വലിയ ഭീഷണിയില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വടക്ക് ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 18ഓടെ മധ്യ പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി തെക്ക് ആന്ധ്രാപ്രദേശ്- വടക്കു തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

വിവിധ ഏജന്‍സികളുടെ മഴ പ്രവചനം ഇങ്ങനെ

  • കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
  • കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting)ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് മധ്യ – വടക്കന്‍ കേരളത്തിലും നാളെ വടക്കന്‍ കേരളത്തിലും ശക്തമായ മഴ സാധ്യത പ്രവചിക്കുന്നു.
  • National Centers for Environmental Prediction (NCEP)ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും കേരളത്തില്‍ മിതമായ മഴയ്ക്ക് സാധ്യത.
  • European Centre for Medium-Range Weather Forecasts (ECMWF)ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
  • സ്വകാര്യ ഏജന്‍സിയായ IBM weather ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്കുള്ള സൂചന നല്‍കുന്നു.

പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.