അറക്കിലാട്- വയല്‍ പീടിക- പുത്തൂര്‍ റോഡ് തകര്‍ന്നു, ഗതാഗത യോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍


 

വടകര: അറക്കിലാട് – വയല്‍ പീടിക – പുത്തൂര്‍ റോഡിലെ തകര്‍ന്ന ഭാഗം നാട്ടുകാര്‍ ഗതാഗത യോഗ്യമാക്കാന്‍ തുടങ്ങി. വില്യാപ്പള്ളി റൂട്ടില്‍ നിന്ന് അറക്കിലാട്, പഴങ്കാവ് ഭാഗത്തേക്ക് എളുപ്പം എത്താവുന്ന റോഡിന്റെ 200 മീറ്റര്‍ ഭാഗം ടാറിടാതെ കിടക്കുകയായിരുന്നു. വയല്‍ പ്രദേശമായ ഈ ഭാഗത്ത് ചെളി കെട്ടിനിന്ന് കാല്‍നട പോലും ദുസ്സഹമായപ്പോഴാണ് നാട്ടുകാര്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത്.

റോഡിന്റെ അരികിലുള്ള സ്ഥലത്തെച്ചൊല്ലി ഉടമയും നഗരസഭയും തമ്മില്‍ കേസ് നടക്കുന്നതു കൊണ്ട് ഈ ഭാഗം നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായിരുന്നു. ഇതു മൂലം എല്ലാ മഴക്കാലത്തും യാത്ര ബുദ്ധിമുട്ടായി.നാട്ടുകാര്‍ പിരിവെടുത്ത്, കെട്ടിടം പൊളിച്ച 10 ലോഡ് കല്ലുകള്‍ കൊണ്ടുവന്നാണ് റോഡ് നന്നാക്കുന്നത്. നഗരസഭ കൗണ്‍സിലര്‍ പാണ്ട്യാട്ട് ശ്രീജിനയും പരിസരവാസികളും നേതൃത്വം നല്‍കി.