അരുവികള്‍ പറയുന്ന കഥകള്‍ക്ക് കാതോര്‍ക്കുന്ന കാടാണിത്, ജാനകിക്കാട്
ഓര്‍ക്കുക, കോവിഡ് മഹാമാരിക്കാലം ആയതു കൊണ്ട് വിനോദസഞ്ചാരമേഖല നിലവില്‍ അനുവദനീയമല്ല.
കുറ്റ്യാടിപ്പുഴയുടെ തീരത്ത് നട്ടുച്ചക്ക് പോലും സൂര്യരശ്മികള്‍ എത്തി നോക്കാന്‍ മടിക്കുന്ന ഘോരവനത്തിനുള്ളിലൂടെയുള്ള യാത്ര. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. ജാനകിക്കാടിന്റെ ഭംഗി അത്രമേല്‍ മനോഹരമാണ്.
കുറ്റ്യാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അപ്പുറത്തായി മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്റെ കുറ്റ്യാടി റേഞ്ചിലാണ് ഈ 131 ഏക്കര്‍ വനം ഉള്‍ക്കൊള്ളുന്നത്. മുന്‍ കേന്ദ്രമന്ത്രി വി കെ കൃഷ്ണമേനോന്റെ സഹോദരിയായിരുന്ന ജാനകിയമ്മയുടെ പേരില്‍ നിന്നാണ് ഈ പ്രദേശത്തിന് ആ പേര് വന്നത്. അവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ആയിരുന്നു ഈ പ്രദേശം. പിന്നീട് സര്‍ക്കാര്‍ കൈവശമായി.
കുറ്റ്യാടി പുഴയ്ക്കു കുറുകെയുള്ള ചവറമ്മുഴി പാലത്തിന്റെ അവസാനഭാഗത്താണ് ജാനകിക്കാടിന്റെ ആരംഭം. വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഇടയ്ക്കിടെ കാണാന്‍ സാധിക്കും. വേഴാമ്പലുകള്‍, ചാര കാട്ടുകോഴികള്‍ എന്നിവ ഇവിടെ ധാരാളമുണ്ട്. പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങളുണ്ട്. പുഴയില്‍ റാഫ്റ്റിങ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരാതനമായ ഒരു ക്ഷേത്രവും ഈ കാട്ടിനുള്ളിലുണ്ട്. 2008 ലാണ് ജാനകിക്കാടിനെ ഇക്കോടൂറിസം സെന്റര്‍ ആയി പ്രഖ്യാപിക്കുന്നത്. വന്യജീവികള്‍ ഇല്ലാത്തതിനാല്‍ കാടിനുള്ളിലൂടെ നടക്കുന്നത് സുരക്ഷിതവുമാണ്. കാടിന്റെ കുളിര്‍മ കൊണ്ട്, തണുത്ത കാറ്റിനെ തഴുകിയുള്ള യാത്രയാണ് ജാനകിക്കാടിനെ ഇത്രമേല്‍ സുന്ദരിയാക്കുന്നത്.
കോവിഡ് മഹാമാരിക്കാലം ആയതു കൊണ്ട് വിനോദസഞ്ചാരമേഖല നിലവില്‍ അനുവദനീയമല്ല