അരിവാളെടുത്ത് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളികളും; നടേരിയിലെ നെൽപ്പാടങ്ങളിൽ ആശ്വാസം
കൊയിലാണ്ടി: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ വെളളം കയറി നശിച്ച ഏക്കര്‍ കണക്കിന് സ്ഥലത്തെ വിളഞ്ഞ നെല്ല് കൊയ്‌തെടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ കര്‍ഷകര്‍ക്ക് തുണയായി. മുട്ടോളം വെളളത്തിലിറങ്ങിയാണ് തൊഴിലാളികള്‍ പാടത്തിറങ്ങി അവശേഷിച്ച നെല്‍ക്കതിരുകള്‍ കൊയ്‌തെടുത്തത്. നടേരി കുതിരക്കുട പാടശേഖരത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ കൊയ്ത്തിനിറങ്ങിയത്.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ.എ.ഇന്ദിരയുടെ നേതൃത്വത്തില്‍ 46 തൊഴിലുറപ്പ് തൊഴിലാളികളാണ് നെല്ലു കൊയ്യാനെത്തിയത്. കൗണ്‍സിലര്‍ ഇന്ദിരയും തൊഴിലാളികളോടൊപ്പം ചേര്‍ന്നു. വെളളത്തില്‍ താഴ്ന്നു കിടക്കുന്ന നെല്ല് കൊയ്‌തെടുക്കാന്‍ കൂലി കൊടുത്താല്‍ പോലും തൊഴിലാളികള്‍ വരാന്‍ അറച്ച് നില്‍ക്കും. ഈ സാഹചര്യത്തിലാണ് കര്‍ഷകരെ സഹായിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് തോരാതെ പെയ്ത് മഴയെ തുടര്‍ന്നാണ് പാടശേഖരങ്ങളിലെല്ലാം വെളളം കയറി നെല്‍കൃഷി നശിച്ചത്. വിയ്യൂര്‍, നടുവത്തൂര്‍ മഠത്തില്‍ താഴ കല്ലിട്ടൊടി പാടം, കാരയാട്, ഊരളളൂര്‍ തുടങ്ങി എല്ലായിടത്തും വലിയ കൃഷി നാശമാണ് ഇതേ തുടര്‍ന്നുണ്ടായത്.
വിളഞ്ഞു നില്‍ക്കുന്ന മകര നെല്‍കൃഷിയാണ് വെളളം കയറി നശിച്ചത്. കതിരുകളെല്ലാം വെളളത്തില്‍ കുതിര്‍ന്നു. നെല്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഇതു കൊണ്ടുണ്ടായിരിക്കുന്നത്. വൈക്കോലും നശിച്ചത് നഷ്ട്ടം ഇരട്ടിപ്പിച്ചു.