അരിമണി പുഴുവെന്ന് തെറ്റിദ്ധരിച്ചു; രാമനാട്ടുകരയിൽ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്


കോഴിക്കോട്: ഹോട്ടലിൽ നിന്നും പാർസലായി വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെന്ന് തെറ്റിദ്ധരിച്ച് യുവാവിന്‍റെ അഴിഞ്ഞാട്ടം. രാമനാട്ടുകരയിലാണ് സംഭവം. ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയ യുവാവ് ബിരിയാണി ചെമ്പ് റോഡിലേക്ക് വലിറിഞ്ഞു. രാമനാട്ടുകര സ്വദേശിയായ യുവാവ് ആണ് ഹോട്ടലിലെത്തി അതിക്രമം നടത്തിയത്.

രാമനാട്ടുകര എയർപോർട്ട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. യുവാവ് ഹോട്ടലില്‍ നിന്നും ബിരായാണി പാർസൽ വാങ്ങിച്ചിരുന്നു. വൈകിട്ട് വീണ്ടും യുവാവ് ഹോട്ടലിലെത്തിയ ബിരിയാണിപ്പൊതിയിൽ പുഴുവുണ്ടെന്നാരോപിച്ച് ബഹളംവെച്ചു. ഹോട്ടലുടമ ഷമീം പാർസലായി കൊടുത്ത ബിരിയാണി പരിശോധിച്ച് പുഴുവല്ല, എണ്ണയിൽ പൊരിഞ്ഞ അരി മണിയാണ് കണ്ടതെന്ന് യുവാവിനെ പറഞ്ഞ് മനസിലാക്കി.

എന്നാൽ യുവാവ് ഇത് അംഗീകരിക്കാതെ മുൻസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കൂട്ടി വന്ന് ബിരിയാണി പരിശോധിപ്പിച്ചു. ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു.

ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഹോട്ടലുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസെത്തി യുവാവിനെ കൂട്ടികൊണ്ടു പോയി. പ്രതിഷേധം ഇത്തിരി കൂടിപ്പോയെന്ന് മനസിലായതോടെ നശിപ്പിച്ച ബിരിയാണിയുടെ പണം നൽകി സംഭവത്തിൽ നിന്നും തടിയൂരിക്കുകയാണ് യുവാവ്.