അരിക്കുളത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി


അരിക്കുളം: അരിക്കുളത്ത് തെരുവുനായ ശല്യം രൂക്ഷമായതായി പരാതി. അരിക്കുളം മുക്കിലും പരിസരപ്രദേശങ്ങളിലുമാണ് തെരുവുനായശല്യം കൂടുതലായിരിക്കുന്നത്. ഇതിനെതിര കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരുചക്രവാഹനങ്ങള്‍ക്കു പുറകെ നായകള്‍ ഓടുന്നതും കാല്‍ നടയാത്രക്കാര്‍ക്ക് നേരെ കുരച്ചുചാടുന്നതും ഇപ്പോള്‍ സ്ഥിരമാണ്. അരിക്കുളം യു.പി. സ്‌കൂള്‍, എല്‍.പി. സ്‌കൂള്‍ പരിസരങ്ങളിലാണ് തെരുവുനായശല്യം കൂടുതലുള്ളത്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ ഭയത്തോടെയാണ് വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്കയക്കുന്നത്.

രാവിലെ വ്യായാമത്തിനായി നടക്കാനിറങ്ങുന്നവരെയും രാത്രികാലമായാല്‍ നായകള്‍ കൂട്ടത്തോടെ റോഡില്‍ കിടക്കുന്നത് വാഹനയാത്രക്കാരെയും ഒരുപോലെ പ്രയാസത്തിലാക്കുന്നു. തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാതെ അധികൃതര്‍ കൈയൊഴിയുകയാണെന്ന് ആക്ഷേപവുമുയരുന്നുണ്ട്.

എന്നാല്‍ തെരുവുനായ ശല്യം വളരെ ഗൗവത്തോടെയാണ് പഞ്ചായത്ത് കാണുന്നതെന്ന് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത് ജനറല്‍ ബോഡി യോഗത്തില്‍ തെരുവുനായ ശല്യം ഒരു അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗ ഡോക്ടറുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.