അരിക്കുളത്ത് ഓരാള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം കണ്ടെത്തി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്


പേരാമ്പ്ര: അരിക്കുളം പഞ്ചായത്തില്‍ ഓരാള്‍ക്ക് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥീരീകരിച്ചു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കാരയാട്ടിലാണ് ഒരാള്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ജൂണ്‍ ആറിനു നടന്ന കോവിഡ് ടെസ്റ്റ് റാന്‍ഡമായി വിശദപരിശോധനയ്ക്ക് അയച്ചപ്പോഴാണ് വകഭേദം കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ കാറ്റഗറി ഡി യിലാണ് അരിക്കുളം പഞ്ചായത്ത്. അതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടാതെ ഡെല്‍റ്റ വകഭേദം സ്ഥരീകരിച്ച പ്രദേശം മൈക്രോ കണ്ടെന്‍മെന്റ് സോണായി തിരിച്ച് നിയന്ത്രണം കര്‍ശനമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രദേശത്ത് ഡെല്‍റ്റ സ്ഥിരീകരിച്ചതിന് ശേഷം കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി 200 ഓളം പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലേ ഇതിന്റെ റിസല്‍ട്ട് വരികയുള്ളൂ. വാര്‍ഡില്‍ നിന്ന് പുറത്തേക്കും പുറത്ത് നിന്ന് വാര്‍ഡിലേക്കും ആളുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ക്വാറന്റെനില്‍ പോകാനും ടെസ്റ്റ് നടത്താനും ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആര്‍ആര്‍ടി മെമ്പര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് ചെറിയ ക്ലസ്റ്ററുകളായി തിരിച്ച് മോണിറ്ററിങ്ങ് ചെയ്യനായി നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രദേശത്ത് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്ന ഉള്‍പ്പെടെയുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുജീബ് റഹ്‌മാന്‍, പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍, വൈസ് പ്രസിഡന്റ് രജനി, സെക്രട്ടറി സുന്ദരന്‍ തുടങ്ങിയവരും പ്രദേശം സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.