അരിക്കുളത്തിനിത് അഭിമാന നിമിഷം; സംസ്ഥാന സർക്കാരിന്റെ വനമിത്രം പുരസ്ക്കാരം അരിക്കുളം സ്വദേശി പി. രാഘവന്
കൊയിലാണ്ടി: ഹൃദയത്തിൽ പച്ചപ്പും മനസെപ്പോഴും മണ്ണിലും അതാണ് അരിക്കുളത്തെ രാഘവൻ. പ്രകൃതിയോടും ഔഷധ സസ്യങ്ങളോടുമുള്ള തന്റെ അകമഴിഞ്ഞ സ്നേഹത്തിന്റെ പ്രതിഫലമായാണ് ഇത്തവണത്തെ വനമിത്ര പുരസ്കാരം അരിക്കുളം സ്വദേശി പി രാഘവനെ തേടി എത്തിയത്.
ആയുർവേദ ഫർമസിസ്റ്റായ സേവനമനുഷ്ഠിച്ച് വിരമിച്ച ഇദ്ദേഹം തന്റെ ജീവിതം തന്നെ സസ്യവ്യാപനത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
‘പ്രകൃതിയും ഞാനും തമ്മിലുള്ള ബന്ധം ബാല്യം മുതലേ ആരംഭിച്ചതാണ്. കുടുംബാംഗങ്ങളെല്ലാവരും പൊതു പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നതിനാൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം ഏറെയായിരുന്നു. 2017 ഓഗസ്റ്റ് മുതൽ വിവാഹം, ഗ്രഹ പ്രവേശം എന്നിവയ്ക്ക് ക്ഷണിക്കുന്ന വീടുകളിൽ വൃക്ഷത്തെ സമ്മാനം നൽകുന്ന പരിപാടി തുടങ്ങി. മതേതരമായ ഒരു പ്രവർത്തനമായാണ് ഞാൻ ഇതിനെ കാണുന്നത്. വൃക്ഷ തൈ എന്ന സമ്മാനം ആർക്കും തിരസ്കരിക്കാനാവില്ലല്ലോ. നല്ല നാളേക്കായുള്ള ഒരു തണലാണിത്. പൊതുജനങ്ങളിൽ നിന്ന്
വളരെയധികം പ്രോത്സാഹനമാണ് ലഭിക്കുന്നത്. അമ്പല കമ്മിറ്റികളും മറ്റും തൈകൾക്കായി എന്നെ സമീപിക്കാറുണ്ട്. ആളുകളിൽ പ്രകൃതി സ്നേഹം വർദ്ധിപ്പിക്കുന്നതിൽ എനിക്കുമൊരു പങ്ക് വഹിക്കാൻ കഴിഞ്ഞു എന്നുള്ളത് ഒരുപാട് സന്തോഷം നൽകുന്നു.’രാഘവൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണയജ്ഞത്തിലാണ് രാഘവൻ. താൻ ജോലി ചെയ്തിരുന്ന ആയുർവേദാശുപത്രികളിലെല്ലാം തന്റെ പ്രകൃതിപ്രേമ മുദ്ര പതിപ്പിക്കാൻ മറന്നിട്ടില്ല. 1986-ൽ നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ചുറ്റിലും ഒരു പച്ചപ്പുമില്ലാതിരുന്ന കെട്ടിടത്തിൽ രോഗികൾക്കും ജീവനക്കാർക്കും കടുത്ത ചൂടി സഹിക്കേണ്ടിവരുന്ന അവസ്ഥ അസഹ്യമായിരുന്നു. അങ്ങനെയാണ് തന്റെതല്ലാത്ത ഭൂമിയിൽ പലവിധ സസ്യങ്ങൾ നട്ടുപിടിപ്പിച്ച ആരംഭിച്ചത്. അതിൽ തന്നെ ഔഷധ സസ്യങ്ങളോടൊരൽപ്പം ഇഷ്ട്ടം കൂടുതലുണ്ട്.
തുടർന്ന് അരിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപമുണ്ടായിരുന്ന തരിശു ഭൂമി ഹരിതാഭമാക്കി മാറ്റി. താൻ ജോലി ചെയ്ത കീഴരിയൂർ ഗവ. ആയുർവേദ ഡിസ്പെൻസറി പരിസരത്തെയും അദ്ദേഹം മറന്നില്ല. ഇതിനു പുറമെ ഭാര്യ ഫർമസിസ്റ്റായി ജോലി ചെയ്തിരുന്ന മുചുകുന്ന് ഡിസ്പെൻസറി മുറ്റവും രാഘവന്റെ ഔഷധ സസ്യങ്ങളാൽ സമൃദ്ധമായിരുന്നു.
ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരിക്കെ സെക്രട്ടറി ടി. രമേശ് കുമാറിനോടൊപ്പം 2013 ജൂണിൽ പൊതുസ്ഥാപനങ്ങളുടെയും പൊതുവിദ്യാലയങ്ങളുടെയും പരിസരത്ത് ചെടികൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടുമ്പോൾ സസ്യവ്യാപനപദ്ധതി ആരംഭിച്ചു. ഓരോ ഔഷധ സസ്യങ്ങളെ പറ്റിയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാനും പ്രത്യേക തല്പരനനായിരുന്നു. ‘പിറന്നാളുകൾക്ക് കേക്കും മറ്റും മുറിച്ച ആഘോഷിക്കുന്നതിലും എന്ത് നല്ലതാണ് ഒരു തൈ നടുന്നത്. ഇത്തരത്തിൽ ഞാൻ പ്രേരിപ്പിച്ച പലരും പിന്നീട് അങ്ങനെ ചെയ്തതിന്റെ ചിത്രങ്ങൾ എനിക്ക് അയക്കാറുണ്ട്.’ രാഘവൻ പറഞ്ഞു.
വിവാഹം, വീട് മാറ്റം അങ്ങനെ ആഘോഷം എന്തുമാകട്ടെ രാഘവന്റെ വക ഒരു വൃക്ഷ തൈ, അതുറപ്പാണ്. ഇതിനകം അറൂനൂറിലധികം വൃക്ഷതൈകൾ കൊടുത്തിട്ടുണ്ട്. ഈ പരിപാടി ഇപ്പോഴും തുടർന്നുകൊണ്ടു പോകുന്നു. സ്വന്തമായി തൈകളുണ്ടാക്കുന്നതിനോടൊപ്പം പ്രാദേശികമായും സമാഹരിക്കും. വേപ്പ്, കൊന്ന, ഉങ്ങ്, അശോകം, ഞാവൽ, ചാമ്പ, സീതപ്പഴം, മുള്ളാത്ത, മാവ്, നെല്ലി പേര തുടങ്ങിയ വൃക്ഷങ്ങളാണ് ഇതുവരെയായി നൽകിവന്നത്. കോവിഡ് കാലത്തു മാത്രം നൂറിലധികം വൃക്ഷ തൈകൾ നൽകിയെന്ന് പറയുമ്പോൾ രാഘവന്റെ സന്തോഷം വാക്കുകളിൽ നിറഞ്ഞു. നാളേക്കായുള്ള മികച്ച സമ്പാദ്യം സമ്മാനിച്ചതിന്റെ സന്തോഷം.
ആയുർവേദ ഫാർമസിസ്റ്റായി 2020 മേയ് മാസം റിട്ടയർ ചെയ്തതിനു ശേഷവും സസ്യവ്യാപന പരിപാടികൾ തുടരുന്നു. ഒട്ടേറെ വിദ്യാലയങ്ങളിൽ ഔഷധ സസ്യപ്രദർശനങ്ങളും സന്തോട്ടനിർമാണവും നടത്തിയിട്ടുണ്ട്. ജൈവവൈവിധ്യ ഉദ്യാനമൊരുക്കാൻ തൈകൾ നൽകിയിട്ടുമുണ്ട്. പൊതുപരിപാടികളിൽ ഔഷധസ സ്യങ്ങളുടെ പ്രാധാന്യം വിവരിച്ചുള്ള പ്രഭാഷണങ്ങളും ചെയ്യാറുണ്ട്. മകൻ: സൂര്യനാരായണൻ.
‘നമുക്കായി, നമ്മുടെ തലമുറയ്ക്കായി, നാളെക്കായി തൈകൾ വെച്ച് പിടിപ്പിക്കു, മരം ഒരു വരം തന്നെയാണ്’ പേരാമ്പ്ര ന്യൂസ് ഡോട്ട് കോം വായനക്കാരോടായി രാഘവൻ പറഞ്ഞു.
വനത്തിന്റെ, പ്രകൃതിയുടെ, ഔഷധ സസ്യത്തിന്റെ മിത്രമായി രാഘവൻ തന്റെ സസ്യ ലോകത്തിലേക്ക് വീണ്ടും മുഴകി.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.