അരി റോഡിൽ വീണപ്പോൾ ഓടിയെത്തിയത് പോലീസുകാരൻ, വടകരയിൽ നടന്നത് കണ്ണ് നനയിക്കുന്ന കാഴ്ച: കാക്കിക്കുള്ളിലെ നന്മയുടെ കഥ കേൾക്കാം
വടകര: മനുഷ്യ സ്നേഹത്തിന് കാവൽക്കാരനായൊരു പൊലീസുകാരൻ . വടകരയിൽ നിന്നൊരു കാക്കിക്കുള്ളിലെ നന്മയുടെ കഥ. പറഞ്ഞ് ഒപ്പിക്കാനാകാത്ത ഒരു സിനിമ ഡയലോഗ് പോലെ ഒരോ അരി മണിയും പെറുക്കിയെടുത്തു ആ മനുഷ്യ സ്നേഹി.
റേഷനരിയുമായി റോഡിലൂടെ നടന്നു നീങ്ങിയ വൃദ്ധൻ്റെ കൈയ്യിലെ സഞ്ചി പൊട്ടി അരി ആകെ റോഡിലേക്ക് വീണു, ഷർട്ട് പോലും ധരിക്കാത്ത ആ വയോധികന് അപ്രതീക്ഷിത സഹായ ഹസ്തവുമായത്തിയതായിരുന്നു ആ പോലീസുകാരൻ. വടകര ട്രാഫിക്ക് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ പ്രദീപനാണ് ജനകീയ പൊലീസിൻ്റെ നേർ ചിത്രമായത്.
കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം .പൊലീസ് വാഹനത്തിൽ നിന്ന് ഓടിയെത്തിയാണ് പ്രദീപൻ ആ വയോധികന് സഹായഹസ്തം നീട്ടിയത്. യാത്രക്കാരൻ പകർത്തിയ ആ ദ്യശ്യം സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. റോഡിൽ പൊതുജനത്തെ തല്ലിയോടിക്കുന്ന ചിത്രങ്ങൾ ഏറെ കണ്ട മാധ്യമങ്ങളിൽ കാണാത്ത പോകുന്ന ഈ നന്മയുടെ ചിത്രം ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നു.