അമ്മക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ 300 രൂപയും എസി മുറിയും ആവശ്യപ്പെട്ടു; നാദാപുരത്ത് യുവാവിന് നാട്ടുകാരുടെ വക കൂട്ടത്തല്ല്


നാദാപുരം: അമ്മക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ 300 രൂപയും എസി മുറിയും ആവശ്യപ്പെട്ട യുവാവിനെ നാട്ടുകാര്‍ കൈകാര്യംചെയ്തു. നാദാപുരം ബസ് സ്റ്റാന്‍ഡിലാണ് തിങ്കളാഴ്ച രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയോട് ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാവാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അമ്മയ്‌ക്കൊപ്പം കൂട്ടിരിക്കാന്‍ തയ്യാറാവാതെ യുവാവ് സ്വകാര്യ ബസില്‍ ക്ലീനര്‍ ജോലിക്ക് പോയതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

നാട്ടുകാരാണ് വീട്ടമ്മയുടെ ചികിത്സക്ക് മുന്‍കൈ എടുത്തിരുന്നത്. മകനോട് ആശുപത്രിയില്‍ കൂട്ടിരിക്കാന്‍ സുഹൃത്തുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാവാതെ യുവാവ് സ്വകാര്യ ബസില്‍ ക്ലീനര്‍ ജോലിചെയ്യുകയായിരുന്നു. വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ സജ്ജീകരിച്ച് കാത്തുനിന്നെങ്കിലും മകന്‍ എത്തിയില്ല. തുടര്‍ന്ന് വീട്ടമ്മയെ ആംബുലന്‍സില്‍ കയറ്റി നാട്ടുകാര്‍ മകനെ തേടി ഇറങ്ങി.

ഇതിനിടയില്‍ മകനോട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബസ് നാദാപുരം സ്റ്റാന്‍ഡിലാണുള്ളതെന്നും അമ്മക്കൊപ്പം നില്‍ക്കാണമെങ്കില്‍ ദിവസം 300 രൂപയും താമസിക്കാന്‍ എസി മുറിയും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് രോഗിയായ സ്ത്രീയെയുംകൊണ്ട് ആംബുലന്‍സ് നാദാപുരം ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്റ്റാന്‍ഡിലെത്തിയ ബസില്‍നിന്ന് പുറത്തിറക്കിയ യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതായതോടെ സഹികെട്ട സുഹൃത്തുക്കള്‍ കൈകാര്യംചെയ്ത് അമ്മക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാനെത്തിയ ആംബുലന്‍സില്‍ കോഴിക്കോട്ടേക്കയക്കുകയായിരുന്നു.